ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മൃഗീയ ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറുമെന്ന അവകാശവാദവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബി.ജെ.പിക്ക് വോട്ടെടുപ്പ് അവസാനിക്കാനിരിക്കുമ്ബോള്‍ പഴയ ആത്മവിശ്വസമില്ലെന്ന് വിലയിരുത്തല്‍. ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാവുമെങ്കിലും മറ്റ് പ്രാദേശിക പാര്‍ട്ടികളുടെ സഹകരണമില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്നാണ് വിവിധ നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാന്‍ ഇടയില്ലെന്ന് ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. ബി.ജെ.പിയിലെ ആര്.എസ്.എസ് നോമിനിയായി അറിയപ്പെടുന്ന റാം മാധവ് നടത്തിയ പ്രസ്താവന ഏറെ പ്രാധാന്യമുള്ളതാണെന്ന് രാഷ്ട്രീയ നിരീക്ഷകരും പറയുന്നു. ഒരുപക്ഷേ ആര്.എസ്.എസ് നേതൃത്വത്തിനും ഇത്തവണ ആത്മവിശ്വാസമില്ലെന്ന സൂചനയാണ് ഇതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
റാം മാധവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ശിവസേനാ നേതാവ് സഞ്ജയ് റാവത്തും സമാനമായ വാദമുയര്‍ത്തി. ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും സഖ്യകക്ഷികളുടെ സഹായത്തോടെ എന്‍.ഡി.എ തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നുമാണ് സഞ്ജയ് റാവത്ത് പറഞ്ഞത്. ബി.ജെ.പിയേക്കാള്‍ സഖ്യകക്ഷികള്‍ക്കായിരിക്കും ഇത്തവണ പ്രാമുഖ്യം കൂടുതല്‍. തങ്ങള്‍ എന്‍.ഡി.എയ്ക്ക് ഒപ്പം നില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ അരുണ്‍ ജയ്റ്റ്ലി നടത്തിയ പ്രസ്താവനയാണ് ഒടുവിലത്തേത്. ബി.ജെ.പിക്ക് ഏറ്റവും വലിയ ഒറ്റകക്ഷിയാവാന്‍ മാത്രമേ കഴിയൂ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഡല്‍ഹിയില്‍ വിവിധ ക്രൈസ്തവ സഭകളുമായി നടത്തിയ ചര്‍ച്ചിലാണ് 2014 ആവര്‍ത്തിക്കാനാവില്ലെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. എന്നാല്‍ സഖ്യകക്ഷികളുടെ സഹായത്തോടെ ബി.ജെ.പി തന്നെ ഇന്ത്യ ഭരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.