കാസര്‍ഗോഡ് ചിറപ്പുറത്ത് പൊലീസ് ഓടിച്ചതിനെ തുടര്‍ന്ന് കിണറ്റില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ നീതി തേടി കുടുംബം. യുവാവ് മരിച്ച് എട്ട് വര്‍ഷത്തിനിപ്പുറവും നിയമ പോരാട്ടത്തിലാണ് ബന്ധുക്കള്‍. ദൃക്സാക്ഷികളുടെ മൊഴിയുണ്ടായിട്ടും സംഭവത്തില്‍ പൊലീസിന് പങ്കില്ലെന്ന നിഗമനത്തിലാണ് ഒടുവിലെ ക്രൈംബ്രാഞ്ച് അന്വേഷണവും എത്തിയത്.
2014 ജനുവരി മുപ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനെ യാതൊരു പ്രകോപനവുമില്ലാതെ പൊലീസ് മര്‍ദ്ദിക്കുന്ന കണ്ടതിനെ തുടര്‍ന്നാണ് മരിച്ച ശശിധരനും മറ്റൊരു സുഹൃത്തും ഭയന്ന് ഓടിയത്.
ശശിധരന്റെ കൂടെ കിണറ്റില്‍ വീണ സുഹൃത്ത് ഉള്‍പ്പടെ മൂന്ന് പേരും പൊലീസിനെതിരെ മൊഴി നല്‍കിയിരുന്നു. എന്നാല്‍ ആദ്യഘട്ടത്തില്‍ ലോക്കല്‍ പൊലീസും പിന്നീട് വന്ന ക്രൈംബ്രാഞ്ചും പൊലീസിന് ക്ലീന്‍ ചിറ്റ് നല്കി അന്വേഷണം ഫുള്‍ സ്റ്റോപ്പിട്ടു. അന്നത്തെ നീലേശ്വരം എസ്.ഐ ആയിരുന്ന കെ.ടി മൈക്കിളിനെതിരെയുള്ള നടപടി കേവലം സസ്പെന്‍ഷനില്‍ ഒതുങ്ങി.
കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി. സംസ്ഥാന പൊലീസ് മേധാവിയും വിശദീകരണം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.