Kerala

പതിനൊന്ന് നിലകൾ, 35 കോടി ചിലവ്; കെ കരുണാകരന് സ്മാരകമൊരുക്കാൻ കോൺഗ്രസ്

മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ സ്മാരക നിർമ്മാണം ആരംഭിക്കാൻ തീരുമാനിച്ച് കോൺഗ്രസ്. തിരുവനന്തപുരം നന്ദാവനത്ത് സർക്കാർ അനുവദിച്ച 37 സെന്റ് സ്ഥലത്ത് 11 നിലകളിലായി ഒരു ലക്ഷം ചതുരശ്രയടി വിസ്തീർണ്ണമുള്ള സ്മാരകം ഒരുക്കാനാണ് പാർട്ടി ആലോചിക്കുന്നത്.

പ്രധാന റോഡിനോട് ചേർന്ന് ബിഷപ്പ് പെരേര ഹാളിന് എതിർവശത്തായാണ് സ്മാരകം. ഫൗണ്ടേഷൻ ചെയർമാൻ കെ സുധാകരൻ, വൈസ് ചെയർമാൻ കെ മുരളീധരനും ട്രഷറർ പത്മജ വേണുഗോപാലും ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി കല്ലാറുമാണ് ഫൗണ്ടേഷന് നേതൃത്വം നൽകുന്നത്. മുതിർന്ന നേതാക്കൾ ഫൗണ്ടേഷന്റെ ഭാരവാഹികളാണ്.

12 വർഷം മുമ്പ് കെപിസിസിയുടെ കീഴിൽ രൂപീകരിച്ച കെ കരുണാകരൻ ഫൗണ്ടേഷനാണ് സ്മാരക നിർമ്മാണത്തിന് നേതൃത്വം നൽകുന്നത്. 35 കോടി രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. കോൺഗ്രസിന്റെ ഓരോ ബൂത്ത് കമ്മറ്റിയിൽ നിന്നും 10,000 രൂപ സമാഹരിക്കും. കരുണാകരന്റെ ചരമവാർഷികദിനമായ ഡിസംബർ 23ന് മണ്ഡലം പ്രസിഡന്റുമാർക്ക് ഇതിനുള്ള കൂപ്പണുകൾ നൽകും.

പഠനഗവേഷണ കേന്ദ്രം, ചിത്രകാരൻ കൂടിയായിരുന്ന അദ്ദേഹത്തിന്റെ ഓർമയ്ക്കായി ചിത്രരചന ഇൻസ്റ്റിറ്റ്യൂട്ട്, നേതൃത്വപരിശീലന കേന്ദ്രം, ലൈബ്രറി, സാമൂഹിത സേവന പ്രവർത്തനങ്ങൾക്കായി കാരുണ്യ ഹെൽപ് ഡെസ്‌ക്, കോൺഫറൻസ് ഹാൾ, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ സ്മാരകത്തിൽ ഉണ്ടായിരിക്കും.

കെ കരുണാകരൻ സ്മാരകം തീർക്കാൻ കോൺഗ്രസ് നേരത്തെ തന്നെ തീരുമാനിച്ചതായിരുന്നുവെങ്കിലും നീണ്ടുപോവുകയായിരുന്നു. ഒടുവിൽ കോഴിക്കോട് നടന്ന ചിന്തൻ ശിവിറിൽ നടപടികൾ വേഗത്തിലാക്കാൻ തീരുമാനിക്കുകയായിരുന്നു.