ആവേശകരമായ മത്സരത്തിനൊടുവിൽ ജപ്പാനെ തോൽപിച്ച് ക്രൊയേഷ്യ ക്വാർട്ടറിലെത്തി. പെനൽറ്റി ഷൂട്ടൗട്ടിലാണ് ക്രൊയേഷ്യയുടെ വിജയം. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി(1-1) സമനില പാലിച്ചതോടെയാണ് മത്സരം പെനൽറ്റി ഷൂട്ടൗട്ടിലേക്ക് എത്തിയത്. ഖത്തർ ലോകകപ്പിൽ ആദ്യമായണ് മത്സരം ഷൂട്ടൗട്ടിലേക്ക് എത്തുന്നത്. പ്രീക്വാർട്ടറിലെ ഇതിന് മുമ്പത്തെ മത്സരങ്ങൾ നിശ്ചിത സമയത്ത് തന്നെ അവസാനിച്ചിരുന്നു.
ജപ്പാനായി ആദ്യപകുതിയിൽ ഡയ്സൻ മയേഡയും (43–ാം മിനിറ്റ്) ക്രൊയേഷ്യയ്ക്കായി രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (55–ാം മിനിറ്റ്) ഗോൾ നേടി. ഇരു ടീമുകൾക്കും ലീഡ് നേടാൻ ഒട്ടേറെ അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല.
ആദ്യ പകുതിയിൽ ഒരു ഗോൾ നേടി ജപ്പാൻ ഞെട്ടിച്ചുവെങ്കിലും രണ്ടാം പകുതിയുടെ ആദ്യത്തിൽ ക്രൊയേഷ്യ ഒപ്പമെത്തി. 55ാം മിനുറ്റിലായിരുന്നു പെരിസിച്ചിന്റെ സമനില ഗോൾ. ഹെഡറിലൂടെയാണ് പെരിസിച്ച് ക്രൊയേഷ്യയെ ഒപ്പമെത്തിച്ചത്(1-1). ജപ്പാൻ പകുതിയിലേക്ക് ക്രൊയേഷ്യ നടത്തിയ ഉജ്വലമായ മുന്നേറ്റത്തിനൊടുവിൽ ബോക്സിലേക്ക് ദെയാൻ ലോവ്റെന്റെ ക്രോസിന് പെരിസിച്ച് തലവെക്കുകയായിരുന്നു.
അതേസമയം മത്സരത്തിന്റെ മൂന്നാം മിനിറ്റിൽത്തന്നെ ജപ്പാന് ലീഡു നേടാൻ സുവർണാവസരം ലഭിച്ചതാണ്. ക്ലോസ് റേഞ്ചിൽനിന്നും ഹെഡറിലൂടെ പന്തിനു ഗോളിലേക്കു വഴികാട്ടാനുള്ള അവസരം തനിഗുച്ചി പാഴാക്കി. പന്തു പോയത് പുറത്തേക്ക്. ഒൻപതാം മിനിറ്റിൽ ക്രൊയേഷ്യയ്ക്കും ലഭിച്ചു ഒരു സുവർണാവസരം. ജപ്പാൻ പ്രതിരോധനിര താരം തകേഹിരോ തോമിയാസുവിന്റെ മൈനസ് പാസ് പിടിച്ചെടുത്ത ഇവാൻ പെരിസിച്ചിന് ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ പന്ത് ലക്ഷ്യത്തിലെത്തിക്കാനായില്ല. 13–ാം മിനിറ്റിൽ ക്രൊയേഷ്യൻ പോസ്റ്റിന് സമാന്തരമായി എത്തിയ ഉജ്വല ക്രോസിന് കാലുവെക്കാൻ ജപ്പാൻ താരങ്ങൾക്ക് സാധിക്കാതെ പോയതാണ് ക്രൊയേഷ്യയുടെ ഭാഗ്യം.
41–ാം മിനിറ്റിൽ ആദ്യ പകുതിയിലെ തന്നെ ഏറ്റവും മികച്ച അവസരം ജപ്പാനു ലഭിച്ചു. കുറിയ പാസുകളുമായി ക്രൊയേഷ്യൻ ബോക്സിലേക്ക് ഇരച്ചുകയറിയ ജപ്പാൻ ഗോളിന് തൊട്ടടുത്തെത്തിയതാണ്. എന്നാൽ, മുന്നേറ്റത്തിനൊടുവിൽ ഡയ്ചി കമാഡ തൊടുത്ത ഷോട്ട് ക്രോസ് ബാറിനു മുകളിലൂടെ പറന്നു. ഇതിനു പിന്നാലെയാണ് അവർ ലീഡ് നേടിയത്.