ഗുജറാത്തിൽ ഇന്ന് രണ്ടാംഘട്ട വോട്ടെടുപ്പ്. 93 നിയമസഭാ മണ്ഡലങ്ങളാണ് ഇന്ന് ബൂത്തിൽ എത്തുന്നത്. രാവിലെ എട്ട് മണിക്ക് വോട്ടെടുപ്പ് തുടങ്ങും. അഹമ്മദാബാദ്, വഡോദര, ഗാന്ധിനഗർ തുടങ്ങിയ 14 ജില്ലകളിലെ 2.54 കോടി വോട്ടർമാരാണ് ഇന്ന് വിധി എഴുതുന്നത്. പ്രധാന മന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് റാണിപിലെ നിഷാൻ ഹൈസ്കൂളിലെ പോളിംഗ് ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.
നഗരമണ്ഡലങ്ങളിലെ ബിജെപി വോട്ടുകളിൽ എഎപി വിള്ളലുണ്ടാക്കുമോയെന്നാണ് പ്രധാനചോദ്യം. ബിജെപിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കുകയാണ് എഎപി, കോൺഗ്രസ് പാർടികളുടെ ലക്ഷ്യം.ഗ്രാമമേഖലകളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കിട്ടിയ പിന്തുണ ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. 89 മണ്ഡലത്തിൽ 63.3 ശതമാനം മാത്രമായിരുന്നു ഒന്നാംഘട്ടത്തിൽ പോളിങ്.
93 മണ്ഡലങ്ങളിലായി 833 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. 2017ൽ 93 സീറ്റുകളിൽ ബി.ജെ.പി 51ഉം കോൺഗ്രസ് 39 ഉം സ്വതന്ത്രർ മൂന്ന് സീറ്റുകളുമാണ് നേടിയത്. മധ്യ ഗുജറാത്തിൽ 22ഉം വടക്കൻ ഗുജറാത്തിൽ 17ഉം സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. സൗരാഷ്ട്ര, കച്ച്, ദക്ഷിണ ഗുജറാത്ത് മേഖലകളിലായി 89 സീറ്റുകളിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഡിസംബർ ഒന്നിന് നടന്നു. ഗുജറാത്ത് നിയമസഭയിൽ 182 സീറ്റുകളിലാണുള്ളത്.