വിവിപാറ്റ് കേസ് വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുള്ള പ്രതിപക്ഷ പാർട്ടികളുടെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് തുറന്ന കോടതിയിലാണ് വാദം കേൾക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് ബൂത്തുകളിലെ വിവിപാറ്റ് എണ്ണിയത് കൊണ്ട് കാര്യമായ മാറ്റം ഉണ്ടാകില്ലെന്നാണ് ഹരജിയിലെ വാദം.
ഈ ലോക്സഭാ തെരെഞ്ഞെടുപ്പില്‍ വോട്ടെണ്ണുമ്പോള്‍ ഒരു മണ്ഡലത്തിലെ 50 ശതമാനം വിവി.പാറ്റ് റസീതുകളെങ്കിലും എണ്ണണം എന്നാണ് കോണ്‍ഗ്രസ്,സി.പി.എം,ടി.ഡി.പി, ബി.എസ്.പി, എന്‍.സി.പി, തൃണമൂല്‍ കോണ്‍ഗ്രസ് അടക്കമുള്ള 21 പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. എന്നാല്‍ ഇത് അംഗീകരിക്കാതെയായിരുന്നു സുപ്രീം കോടതി ഉത്തരവ്. ഒരു ലോക്സഭ മണ്ഡലത്തിലെ, ഓരോ നിയമസഭ മണ്ഡലത്തിലെയും എതെങ്കിലും ഒരു വിവി പാറ്റ് എണ്ണുന്നതാണ് ഇതുവരെ സ്വീകരിച്ചിരുന്ന രീതി. അതിന് പകരം അഞ്ച് വിവി പാറ്റ് മെഷിനിലെ രസീതുകൾ എണ്ണണം എന്ന് കോടതി ഉത്തരവിട്ടു.
എന്നാൽ അഞ്ച് പോര എന്നാണ് പുനഃപരിശോധന ഹരജിയിൽ പ്രതിപക്ഷത്തിന്റെ വാദം. അഞ്ചണ്ണം എണ്ണിയാലും കാര്യമായ മാറ്റമുണ്ടാക്കില്ലന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. മൊത്തം വോട്ടിന്റെ രണ്ട് ശതമാനം മാത്രമാണ് 5 വിവി പാറ്റുകള്‍ എണ്ണുമ്പോള്‍ പരിശോധനാ വിധേയമാവുക. തെരെഞ്ഞെടുപ്പ് സുതാര്യത ഉറപ്പാക്കാന്‍ അത് കൊണ്ടാകില്ല. അതിനാൽ 50ശതമാറ്റം രസീതുകള്‍ എണ്ണിയേ മതിയാകൂ എന്നും പുനഃപരിശോധനാ ഹരജിയിൽ ആവര്‍ത്തിക്കുന്നു. കഴിഞ്ഞ ഘട്ടങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തകരാറുകളും പ്രതിപക്ഷം ഇന്ന് കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയേക്കും.