Kerala

ലക്കി ബിൽ ആപ്; കിളിമാനൂര്‍ സ്വദേശിക്ക് തുക കൈമാറി ധനവകുപ്പ്

ലക്കി ബിൽ ആപ് നറുക്കെടുപ്പ് വിജയിക്ക് തുക കൈമാറി ധനവകുപ്പ്. നികുതി കുറച്ചുള്ള 7 ലക്ഷം രൂപ വിജയിയുടെ അക്കൗണ്ടിലെത്തി. 10 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമാണ് പ്രതിമാസ നറുക്കെടുപ്പിലൂടെ കിളിമാനൂർ സ്വദേശിക്ക് ലഭിച്ചത്. 

സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അവതരിപ്പിച്ച ‘ലക്കി ബില്‍’ ആപ്പിന്റെ ആദ്യ പ്രതിമാസ നറുക്കെടുപ്പ് വിജയിക്ക് ഒന്നാം സമ്മാന തുക ധനവകുപ്പ് നല്‍കാത്തത് വലിയ വിവാദമായിരുന്നു. തുക ലഭിക്കുന്നതിനായി കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാര്‍ ജി.എസ്.ടി വകുപ്പിനെ സമീപിച്ചെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് മടക്കി അയയ്ക്കുകയായിരുന്നു.

നികുതി വെട്ടിപ്പ് തടഞ്ഞ് ബില്ലുകള്‍ ചോദിച്ചു വാങ്ങുന്നത് പ്രോത്സാഹിപ്പിക്കാനാണ് സംസ്ഥാന ജി.എസ്.ടി വകുപ്പ് ലക്കി ബില്‍ ആപ്പ് പുറത്തിറക്കിയത്. പദ്ധതി ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വലിയ സ്വീകാര്യതയാണ് ലക്കി ബില്‍ ആപ്പിന് ഉണ്ടായത്.

ആദ്യ പ്രതിമാസ നറുക്കെടുപ്പിലെ ഒന്നാം സമ്മാനമായ 10 ലക്ഷം രൂപയാണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി സുനില്‍ കുമാറിന് ലഭിച്ചത്. 30 ദിവസത്തിനുള്ളില്‍ തുക വിതരണം ചെയ്യുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. എന്നാല്‍ സമ്മാനം ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും സമ്മാനതുകയ്ക്കായി ഓഫീസുകള്‍ കയറി ഇറങ്ങുന്ന സുനിലിന്റെ വാർത്ത വലിയ ചർച്ചയായിരുന്നു.