Kerala

‘പതിനൊന്ന് വയസായി മകൾക്ക്, വസ്ത്രം മാറാൻ പോലും ഒരു മുറിയില്ല’; വീടെന്ന സ്വപ്‌നത്തിനായി സർക്കാർ ഓഫിസുകൾ കയറിയിറങ്ങി ഒരു കുടുംബം

സ്വന്തം വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി മടുത്ത സിപിഐഎം മുൻ വാർഡ് മെമ്പർ സുധിരാജിന്റെ ജീവിതം ഇന്നും ഇരുട്ടിലാണ്. ഭാര്യ ആശക്കും രണ്ട് പെൺമക്കൾക്കുമൊപ്പം തിരുവനന്തപുരം പള്ളിക്കല്ലേ ഇടിഞ്ഞ് വീഴാറായ വീട്ടിലാണ് നാലംഗ ദളിത് കുടുംബം ഇപ്പോൾ കഴിയുന്നത്.

‘എന്റെ മകൾക്ക് പതിനൊന്ന് വയസ്സായി. ഡ്രസ്സ് മാറാൻ പോലും ഒരു മുറിയും ഇല്ലാത്ത അവസ്ഥയാണ്. അച്ഛൻ നിക്കുമ്പോഴും ആ കൊച്ച് ഡ്രസ്സ് മാറേണ്ട അവസ്ഥയാണ്’ ആശ കരഞ്ഞുകൊണ്ട് പറയുന്നു.

അഞ്ച് വർഷം വാർഡ് മെമ്പറായി പ്രവർത്തിച്ച വ്യക്തിയാണ് സുധിരാജ്. വാർഡ് മെമ്പറായിരുന്നിട്ടും എന്തുകൊണ്ട് ഒരു വീട് വയ്ക്കാൻ പറ്റിയില്ലെന്നാണ് എല്ലാവരും ചോദിക്കുന്നത്. അതിന് സുധിരാജിന്റെ മറുപടിയിങ്ങനെ ‘ ഒരു മെമ്പർ എന്ന നിലയിൽ ഞാൻ ഒരിക്കലും സ്വന്തം വീടിനായി അപേക്ഷ നൽകിയിട്ടില്ല. ഞാനൊരു സാധാരണ വ്യക്തി എന്ന നിലയിൽ മാത്രമേ വില്ലേജിൽ ആയാലും താലൂക്ക് ഓഫീസിൽ ആയാലിം പഞ്ചായത്തിൽ ആയാലും പോകുന്നത്. അന്ന് ഞാൻ വാർഡ് മെമ്പർ ആയിരുന്നു. അന്ന് എംഎൽഎ ഉണ്ടായിരുന്നു, മന്ത്രി ഉണ്ടായിരുന്നു. ആരെങ്കിലും ഒരാൾ വിചാരിച്ചിരുന്നെങ്കിൽ എൻറെ നിസ്സാരമായ പ്രശ്‌നം തീർത്ത് തരുമായിരുന്നു’.

പഞ്ചായത്ത് മെമ്പറായിരുന്നു എന്നത് വീടിനുള്ള യോഗ്യതയല്ല. എന്നാൽ സുധിരാജിനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നത്തിന് ഒരു അയോഗ്യതയുമില്ല.