Sports

മുതിർന്ന താരങ്ങൾ അടുത്ത വർഷം ടി-20 മത്സരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്

മുതിർന്ന ടി-20 താരങ്ങൾ അടുത്ത വർഷം ടി-20 മത്സരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. രോഹിത് ശർമ, വിരാട് കോലി, ആർ അശ്വിൻ, ദിനേഷ് കാർത്തിക് തുടങ്ങിയ താരങ്ങളൊന്നും വരുന്ന വർഷം ടി-20 മത്സരങ്ങൾ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. അശ്വിനെയും കാർത്തികിനെയും ഇനി ടി-20യിൽ പരിഗണിക്കില്ല. രോഹിതും കോലിയും ടി-20 ഭാവി സ്വയം തീരുമാനിക്കണമെന്നും ബിസിസിഐ വൃത്തങ്ങൾ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്ത വർഷത്തെ ഏകദിന ലോകകപ്പ് പരിഗണിച്ചാണ് തീരുമാനം. ടി-20കൾ ഒഴിവാക്കി ഏകദിന, ടെസ്റ്റ് മത്സരങ്ങളാവും മുതിർന്ന താരങ്ങൾ കളിക്കുക. 2024ലെ ടി-20 ലോകകപ്പും ബിസിസിഐയുടെ പരിഗണനയിലുണ്ട്. ആ ലോകകപ്പിൽ ഹാർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഒരു പുതിയ ടീമാവും അണിനിരക്കുക.

സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് തകർപ്പൻ ജയം നേടിയിരുന്നു. വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഇംഗ്ലണ്ട് മറികടന്നു. അലക്സ് ഹെയിൽസ് (47 പന്തിൽ 4 ബൗണ്ടറിയും 7 സിക്സറും സഹിതം 86) ഇംഗ്ലണ്ടിൻ്റെ ടോപ്പ് സ്കോററായപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ലറും ( 49 പന്തിൽ 9 ബൗണ്ടറിയും 3 സിക്സറും സഹിതം 80) തിളങ്ങി.