സെമിഫൈനലിൽ ന്യൂസീലൻഡിനെ വീഴ്ത്തി പാകിസ്താൻ ടി-20 ലോകകപ്പ് ഫൈനലിൽ. അവസാന ഓവറിലെ ആദ്യ പന്തിൽ 7 വിക്കറ്റ് ബാക്കിനിർത്തിയാണ് പാകിസ്താൻ്റെ തകർപ്പൻ ജയം. ന്യൂസീലൻഡ് മുന്നോട്ടുവച്ച 153 റൺസ് വിജയലക്ഷ്യം അവസാന ഓവറിൽ 3 വിക്കറ്റ് നഷ്ടപ്പെടുത്തി പാകിസ്താൻ മറികടക്കുകയായിരുന്നു. മുഹമ്മദ് റിസ്വാൻ (57), ബാബർ അസം (53), മുഹമ്മദ് ഹാരിസ് (30) എന്നിവരാണ് പാകിസ്താൻ്റെ വിജയം സാധ്യമാക്കിയത്.
ഫിൻ അലൻ (4), ഡ്വോൺ കോൺവേ (20 പന്തിൽ 21) എന്നിവരെ പവർ പ്ലേയിൽ തന്നെ നഷ്ടപ്പെട്ടപ്പോൾ ബാക്ക്ഫൂട്ടിലാണ് ന്യൂസീലൻഡ് ആരംഭിച്ചത്. പിന്നാലെ മികച്ച ഫോമിലുള്ള ഗ്ലെൻ ഫിലിപ്സ് (6) കൂടി മടങ്ങിയതോടെ കിവികൾ പരുങ്ങലിലായി. നാലാം വിക്കറ്റിൽ ക്യാപ്റ്റൻ കെയിൻ വില്ല്യംസണും ഡാരിൽ മിച്ചലും ചേർന്ന 68 റൺസ് കൂട്ടുകെട്ട് ന്യൂസീലൻഡിനെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു. എന്നാൽ, വില്ല്യംസണിൻ്റെ മെല്ലെപ്പോക്ക് ന്യൂസീലൻഡിൻ്റെ സ്കോറിംഗ് നിരക്കിനെ ബാധിച്ചു. 42 പന്തുകൾ നേരിട്ട് 46 റൺസെടുത്ത താരം 17ആം ഓവറിൽ മടങ്ങി. പിന്നീട് ഡാരിൽ മിച്ചൽ (35 പന്തിൽ 53 നോട്ടൗട്ട്), ജിമ്മി നീഷം (12 പന്തിൽ 16 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗ് ആണ് കിവീസിനെ 150 കടത്തിയത്. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി 2 വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ലോകകപ്പിലാദ്യമായി പാക് ഓപ്പണർമാർ ആക്രമിച്ചുകളിച്ചപ്പോൽ ന്യൂസീലൻഡിന് മറുപടി ഇല്ലാതായി. പവർപ്ലേയിൽ 55 റൺസും ആദ്യ 10 ഓവറിൽ 87 റൺസുമാണ് പാകിസ്താൻ നേടിയത്. 38 പന്തുകളിൽ ബാബർ അസം ഫിഫ്റ്റി തികച്ചു. ലോകകപ്പിൽ ബാബറിൻ്റെ ആദ്യ ഫിഫ്റ്റി. 105 റൺസ് നീണ്ട തകർപ്പൻ കൂട്ടുകെട്ട് 13ആം ഓവറിലാണ് വേർപിരിയുന്നത്. 38 പന്തുകളിൽ 53 റൺസ് നേടി ബാബർ അസം പുറത്ത്. ടി-20 ലോകകപ്പിൽ റിസ്വാനുമൊത്തുള്ള മൂന്നാം 100 റൺസ് കൂട്ടുകെട്ടിനൊടുവിലാണ് താരം മടങ്ങിയത്. ഇത് ലോക റെക്കോർഡാണ്.
മൂന്നാം നമ്പറിലെത്തിയ യുവതാരം മുഹമ്മദ് ഹാരിസ് നേരിട്ട രണ്ടാം പന്തിൽ തന്നെ ബൗണ്ടറി നേടി നയം വ്യക്തമാക്കി. 36 പന്തിൽ റിസ്വാൻ ഫിഫ്റ്റി തികച്ചു. പിന്നാലെ പാകിസ്താൻ്റെ റൺ നിരക്ക് കുറഞ്ഞു. 17ആം ഓവറിൽ റിസ്വാൻ (43 പന്തിൽ 57) മടങ്ങിയതോടെ പാകിസ്താൻ പതറി. എന്നാൽ, അടുത്ത ഓവറിൽ ഒരു ബൗണ്ടറിയും സിക്സറും സഹിതം 13 റൺസ് നേടിയ മുഹമ്മദ് ഹാരിസ് പാകിസ്താനെ ജയത്തിനരികെയെത്തിച്ചു. 19ആം ഓവറിൽ ഹാരിസ് (26 പന്തിൽ 30) മടങ്ങിയെങ്കിലും അവസാന ഓവറിലെ ആദ്യ പന്തിൽ പാകിസ്താൻ വിജയറൺ നേടി