ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് പാകിസ്താനാണെന്ന പരാമര്‍ശത്തിനും സൈന്യത്തെ പരാമര്‍ശിച്ചുള്ള പ്രസംഗത്തിനുമാണ് അമിത്ഷാക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കമ്മീഷന് നോട്ടീസും നല്കി.
തെരഞ്ഞെടുപ്പ് കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇതിനകം അഞ്ച് ക്ലീന്‍ ചിറ്റുകളാണ് നല്‍കിയത്. ഇന്നലെ രണ്ട് ക്ലീന്‍ ചിറ്റുകള്‍ നല്കി. ഇതോടൊപ്പം ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷാക്കും രണ്ട് കേസുകളില്‍ കമ്മീഷന് ക്ലീന്‍ ചിറ്റ് നല്കി. പശ്ചിമ ബംഗാളിലെ കൃഷ്ണനഗറിലും മഹാരാഷ്ട്രയിലെ നാഗ്പൂരിലും നടത്തിയ പ്രസംഗങ്ങളില്‍ മാതൃക പെരുമാറ്റച്ചട്ടലംഘനമില്ലെന്ന് കമ്മീഷന് വ്യക്തമാക്കി. രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് പാകിസ്താനാണെന്ന പരാമര്‍ശത്തിനും സൈന്യത്തിന്റെ പേരില്‍ വോട്ട് ചോദിച്ചതിനുമാണ് കോണ്‍ഗ്രസ് അമിത്ഷാക്കെതിരെ പരാതി നല്‍കിയിരുന്നത്.
എന്നാല്‍ ഈ രണ്ട് കേസിലും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ കമ്മീഷനില്‍ ഭിന്നതയുണ്ട്. ഒരു കമ്മീഷണറുടെ വിയോജിപ്പോടെയാണ് മൂന്നംഗ കമ്മിറ്റി ക്ലീന്‍ ചിറ്റ് നല്‍കിയത്. സമാന പരാമര്‍ശങ്ങളില്‍ മോദിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയതിലും കമ്മീഷനില്‍ ഭിന്നതയുണ്ടായിരുന്നുവെന്ന വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. അതേസമയം മധ്യപ്രദേശില്‍ നടത്തിയ പ്രസംഗത്തിന് രാഹുല്‍ ഗാന്ധിക്ക് കമ്മീഷന് നോട്ടീസയച്ചു. ഇതിന് പുറമെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ കമ്മീഷന് താക്കീതും ചെയ്തു.