World

ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേൽക്കും

ഇന്ത്യൻ വംശജനായ ഋഷി സുനക് ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരമേൽക്കും. ഇന്ത്യൻ വംശജൻ ഈ പദവിയിലെത്തുന്നത് ഇതാദ്യമായാണ്. 193 എംപിമാരുടെ പിന്തുണയാണ് ഋഷി സുനകിനുള്ളത്. മുൻ പ്രതിരോധ മന്ത്രി പെന്നി മോർഡന്റ് മത്സരത്തിൽ നിന്ന് പിന്മാറിയിരുന്നു. 26 എംപിമാരുടെ പിന്തുണയായണ് പെന്നി മോർഡന്റ് നേടിയത്. മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മൽസരത്തിൽ നിന്നു നേരത്തെ പിന്മാറിയിരുന്നു. 

ഇന്ത്യൻ വംശജനും ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ നാരായണമൂർത്തിയുടെ മരുമകനുമാണ് ഋഷി സുനക്. 2020ലാണ് ബ്രിട്ടന്റെ പുതിയ ധനമന്ത്രിയായി ഋഷി സുനക് തെരഞ്ഞെടുക്കപ്പെട്ടത്. 2015 ൽ ആദ്യമായി പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് ട്രഷറി ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരുന്നതിനിടെയാണ് ധനമന്ത്രിയായി നിയമിക്കപ്പെട്ടത്.

പഞ്ചാബിൽ വേരുകളുള്ള ഇന്ത്യൻ ഡോക്ടറുടെ മകനായി 1980ൽ ഹാംപ്ഷയറിലെ സതാംപ്ടണിലാണ് ഋഷി സുനക് ജനിച്ചത്. 2015ൽ യോർക്ക്ഷയറിലെ റിച്ച്‌മോണ്ടിൽനിന്ന് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഋഷി സുനക് 2009ലാണ് നാരായണ മൂർത്തിയുടെ മകൾ അക്ഷതയെ വിവാഹം കഴിക്കുന്നത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം ലിസ് ട്രസ് രാജിവച്ചൊഴിഞ്ഞതോടെ ചരിത്രനിമിഷമാണ് സൂര്യനസ്തമിക്കാത്ത സാമ്രാജ്യമെന്ന ബ്രിട്ടണിലുണ്ടായത്. ഈ വർഷമാദ്യം നടന്ന നേതൃമത്സരത്തിൽ വെസ്റ്റ്മിൻസ്റ്ററിലെ കൺസർവേറ്റീവ് നിയമനിർമ്മാതാക്കൾക്കിടയിൽ ബ്രിട്ടനിലെ മുൻ ധനമന്ത്രിയും പുതിയ പ്രധാനമന്ത്രിയുമാകുന്ന ഋഷി സുനക് ഏറ്റവും ജനപ്രീതിയാർജ്ജിച്ച സ്ഥാനാർത്ഥിയായിരുന്നു.

എന്നാൽ അന്തിമ തീരുമാനമെടുത്ത 170,000 പാർട്ടി അംഗങ്ങൾ ഉൾപ്പെട്ട വോട്ടെടുപ്പിൽ അദ്ദേഹം പരാജയപ്പെടുകയായിരുന്നു. ഒരു വെളുത്ത വർഗക്കാരി തന്നെ പ്രധാനമന്ത്രിയാകണമെന്ന കടുംപിടുത്തം ഇതിന് പിന്നിലുണ്ടെന്നായിരുന്നു അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇപ്പോൾ 193 എംപിമാരുടെ പിന്തുണ ഋഷി സുനക് നേടി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്കെത്തിയിരിക്കുകയാണ്.