കോട്ടയം എരുമേലിയില്‍ വീട്ടുമുറ്റത്ത് കയറിക്കൂടിയ പെരുമ്പാമ്പിനെ പിടികൂടുന്നതിനിടെ വനപാലകന് പാമ്പിന്റെ കടിയേറ്റു. എരുമേലി ടൗണിന് സമീപം വാഴക്കാലായിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്. കടിയേറ്റിട്ടും പെരുമ്പാമ്പിനെ വിടാതെ വനപാലകര്‍ സാഹസികമായി പിടികൂടി.
എരുമേലിയില്‍ കെഎസ്ഇബി സബ് എന്‍ജിനീയര്‍ ഹഫീസിന്റെ വീട്ടുമുറ്റത്താണ് പെരുമ്പാമ്പ് എത്തിയത്. വീടിന് പരിസരത്തുള്ള വഴിയിലൂടെ കടന്നുപോയ ബൈക്ക് യാത്രികര്‍ പാമ്പ് മുറ്റത്ത് കിടക്കുന്നത് കാണുകയായിരുന്നു. ഇവരാണ് വീട്ടുകാരെയും അടുത്തുള്ളവരെയും വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിലും വനം വകുപ്പിലും അഗ്‌നിരക്ഷാ സേനയിലും വിവരമറിയിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പ്ലാച്ചേരിയില്‍ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് പാമ്പ് അപ്രതീക്ഷിതമായി വനം വകുപ്പ് ജീവനക്കാരനെ കടിച്ചത്. പാമ്പ് കടിയേറ്റിട്ടും സാഹസികമായി തന്നെ ജീവനക്കാര്‍ ചേര്‍ന്ന് പാമ്പിനെ പിടികൂടി. കടിയേറ്റ വനംവകുപ്പ് ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.