പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന കേരള ഹൈക്കോടതി വിധിയിലെ പരാമര്‍ശങ്ങള്‍ക്കെതിരെ സീറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. താമരശ്ശേരി രൂപത നല്കിയ ഹര്‍ജി സീറോ മലങ്കര സഭയുടെ ബത്തേരി രൂപത നല്കിയ ഹര്‍ജിക്ക് ഒപ്പം ആണ് പരിഗണിക്കുന്നത്.
ബത്തേരി രൂപതയുടെ ഹര്‍ജിയില്‍ നോട്ടീസ് അയച്ചതിനാല്‍ താമരശ്ശേരി രൂപതയുടെ ഹര്‍ജിയില്‍ പ്രത്യേക നോട്ടീസ് അയച്ചിട്ടില്ല. വസംസ്ഥാന സര്‍ക്കാറും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള എതിര് കക്ഷികള്‍ക്കുമാണ് നിലവില്‍ സുപ്രിം കോടതി നോട്ടീസ്. സിറോ മലബാര്‍ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയുടെ ഭൂമി വില്പനയില് ക്രമക്കേട് ആരോപിച്ചുള്ള കേസ് റദ്ദാക്കാനാകില്ലെന്ന വിധിയിലാണ് പള്ളികളുടെ ഭൂമിയും ആസ്തിയും വില്‍ക്കുന്നതിന് ബിഷപ്പ്മാര്‍ക്ക് അധികാരമില്ലെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കിയത്.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയോട് വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി ഉത്തരവിലെ 17 മുതല്‍ 39 വരെയുള്ള ഖണ്ണികള്‍ക്ക് എതിരായാണ് രൂപതകള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുമായി ബന്ധപ്പെട്ട കേസിലെ വിധി, എല്ലാ ക്രൈസ്തവ സഭകളെയും ബാധിക്കുമെന്നാണ് ബത്തേരി, താമരശ്ശേരി രൂപതകളുടെ വാദം.