തിരുവല്ല മേപ്രാൽ സെന്റ്. ജോൺസ് പള്ളിയിൽ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാനായില്ല. ഓർത്തഡോക്സ് യാക്കോബായ വിഭാഗങ്ങൾ പ്രാർത്ഥനായജ്ഞങ്ങൾ തുടരുകയാണ്. ഓർത്തഡോക്സ് വിശ്വാസികൾ പള്ളിക്കുള്ളിലും യാക്കോബായ വിഭാഗം സമീപത്തെ പ്രത്യേക പന്തലിലുമാണ് പ്രാർത്ഥനകൾ നടത്തുന്നത്.
കഴിഞ്ഞ ദിവസം യാക്കോബായ വിഭാഗത്തിന് പള്ളിയിൽ ആരാധനാ സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം വിശ്വാസികൾ റാലി നടത്തി. ചർച്ച് ആക്ട ആക്ഷൻ കൗൺസിലും റാലിയിൽ പങ്കെടുത്തു. പള്ളിപ്പരിസരത്തേക്ക് കടക്കാതിരിക്കാൻ പൊലീസ് ഇവരെ തടഞ്ഞു. യൂഹാനോൻ റമ്പാൻ ഉൾപ്പെടെ 10 പേരെ അറസ്റ്റ് ചെയ്ത് നീക്കി. മെത്രാപ്പോലീത്തമാരായ ഗീവർഗീസ് മാർ കൂറിലോസ് എബ്രഹാം മാർ സേവേറിയോസ്, മാത്യൂസ് മാർ വോദോസിയോസ് വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ട വേലിൽ കോർ എപ്പിസ്കോപ്പ തുടങ്ങിയവർ പങ്കെടുത്തു.
മേപ്രാൽ പള്ളിക്കേസിൽ ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായി കഴിഞ്ഞയിടെ കോടതി വിധിയുണ്ടായിരുന്നു. തുടർന്ന് ഏപ്രിൽ 27 ന് വൈകീട്ട് മുതൽ ഓർത്തഡോക്സ് വിശ്വാസികൾ പള്ളിക്കുള്ളിൽ പ്രാർത്ഥന തുടങ്ങി. പരമ്പരാഗതമായുള്ള ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാണ് യാക്കോബായ വിഭാഗത്തിന്റെ ആവശ്യം. പ്രശ്ന പരിഹാരത്തിന് ജില്ലാ ഭരണകൂടം നടത്തിയ ഇടപെടൽ ഫലം കണ്ടില്ല. സ്ഥലത്ത് പൊലീസ് കാവൽ തുടരുകയാണ്.