National

‘ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു’; അധ്യക്ഷ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി സോണിയ ഗാന്ധി

തന്റെ പിൻഗാമിയെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഈ ഒരു തെരഞ്ഞെടുപ്പിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയും സോണിയ ഗാന്ധിക്കൊപ്പം വോട്ട് രേഖപ്പെടുത്തി. പാർട്ടി ആസ്ഥാനത്ത് ഒരുക്കിയ പോളിംഗ് ബൂത്തിലാണ് ഇരുവരും വോട്ട് ചെയ്തത്.

രാവിലെ 10 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. പാർട്ടിയിലെ മുതിർന്ന നേതാക്കളായ പി ചിദംബരവും ജയറാം രമേശും ഉൾപ്പെടെ നിരവധി നേതാക്കൾ വോട്ട് രേഖപ്പെടുത്തി. ചിദംബരം പാർട്ടി ആസ്ഥാനത്ത് ആദ്യം വോട്ട് രേഖപ്പെടുത്തി. പാർട്ടി ജനറൽ സെക്രട്ടറിമാരായ രമേഷ്, അജയ് മാക്കൻ തുടങ്ങി നിരവധി പേർ വോട്ടെടുപ്പിൽ പങ്കുചേർന്നു.

അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ മുതിർന്ന കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് ഏറ്റുമുട്ടുന്നത്. കോൺഗ്രസിന്റെ തൊള്ളായിരത്തിലധികം പ്രതിനിധികൾ പാർട്ടി അധ്യക്ഷനെ തെരഞ്ഞെടുക്കാൻ ഇന്ന് വോട്ട് ചെയ്യും. 22 വർഷത്തിന് ശേഷം ഒരു ഗാന്ധി ഇതര അധ്യക്ഷൻ പാർട്ടിക്ക് ലഭിക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്. ഒക്ടോബർ 19 ന് വോട്ടെണ്ണൽ നടക്കും, അതേ ദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകും.