Kerala

ഇലന്തൂര്‍ നരബലി; പ്രതികളുടെ വീട്ടില്‍ ഡമ്മി ഉപയോഗിച്ച് പരിശോധന

പത്തനംതിട്ട ഇലന്തൂരില്‍ ഇരട്ട നരബലി നടന്ന ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പൊലീസ്-ഫൊറന്‍സിക് പരിശോധന പുരോഗമിക്കുന്നു. വീടിനുള്ളില്‍ ഡമ്മി ഉപയോഗിച്ച് പരിശോധന നടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കൊച്ചി ഡിസിപി അടക്കമുള്ള സംഘം വീടിനുള്ളില്‍ പരിശോധന നടത്തുകയാണ്.

സ്ത്രീ ശരീരത്തിന്റെ ഡമ്മി ഉപയോഗിച്ച് കൊലപാതകം പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിനായി മൂന്ന് പ്രതികളെയും വീടിനുള്ളില്‍ എത്തിച്ച് പരിശോധിക്കും. കൊലപാതകം സംബന്ധിച്ച് വിശദമായ അന്വേഷണത്തിനാണ് ഡമ്മി പരിശോധന.

പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ തിരുമല്‍ കേന്ദ്രത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ചെറിയ കുഴിയില്‍ നിന്നും ചവര്‍ കൂനയില്‍ നിന്നുമാണ് ആയുധങ്ങള്‍ പൊലീസ് കണ്ടെടുത്തത്. നരബലിക്ക് ഈ ആയുധങ്ങള്‍ ഉപയോഗിച്ചോ എന്നതില്‍ വിദഗ്ധ പരിശോധന നടത്തും.

വീട്ടുവളപ്പില്‍ നിന്നും പൊലീസ് എല്ലും കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നായയെ അടക്കം എത്തിച്ചാണ് പരിശോധന നടക്കുന്നത്. കണ്ടെത്തിയത് മനുഷ്യന്റെ അസ്ഥിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല. വീടിന് പിന്‍വശത്തുള്ള പറമ്പിനോട് ചേര്‍ന്നുള്ള മഹാഗണി മരത്തിന് ചുവട്ടില്‍ നിന്നാണ് എല്ല് കണ്ടെത്തിയത്. എല്ല് കൂടുതല്‍ പരിശോധനയ്ക്കായി ഫൊറന്‍സിക് സംഘം ശേഖരിച്ചു.

ചോദ്യം ചെയ്യലില്‍ പ്രതികള്‍ പലതും മറച്ചുവയ്ക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ പശ്ചാത്തലത്തില്‍ തെളിവെടുപ്പും ചോദ്യം ചെയ്യലും ഒരുമിച്ച് നടത്തുകയാണ് പൊലീസ്. ലൈലയുടെ മൊഴിയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ വീട്ടുവളപ്പിലുണ്ടോ എന്ന സംശയത്തിന് കാരണമായത്. സംശയ ദൂരീകരണത്തിനാണ് വീട്ടുവളപ്പില്‍ പൊലീസ് കുഴിച്ചുനോക്കി പരിശോധന നടത്തുന്നത്.