Sports

വനിതാ ഏഷ്യാ കപ്പ്: പാകിസ്താനെ ഒരു റണ്ണിനു കീഴടക്കി ശ്രീലങ്ക ഫൈനലിൽ

നിതാ ഏഷ്യാ കപ്പിൽ ശ്രീലങ്ക ഫൈനലിൽ. പാകിസ്താനെതിരെ നടന്ന സെമിഫൈനലിൽ ഒരു റണ്ണിനു വിജയിച്ചാണ് ശ്രീലങ്ക ഫൈനലിൽ പ്രവേശിച്ചത്. ശ്രീലങ്ക മുന്നോട്ടുവച്ച 123 റൺസ് പിന്തുടർന്ന പാകിസ്താന് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 121 റൺസെടുക്കാനേ സാധിച്ചുള്ളൂ. ക്യാപ്റ്റൻ ബിസ്‌മ മറൂഫ് (42) ആണ് പാകിസ്താൻ്റെ ടോപ്പ് സ്കോറർ. 14 വർഷത്തിനിടെ ഇത് ആദ്യമായാണ് ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ഫൈനലിലെത്തുന്നത്. ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും.

ഹർഷിത മാദവി (35), അനുഷ്ക സഞ്ജീവനി (26) എന്നിവരാണ് ശ്രീലങ്കക്കായി ബാറ്റിംഗിൽ തിളങ്ങിയത്. പാകിസ്താനു വേണ്ടി നഷ്റ സന്ധു മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിൽ എല്ലായ്പ്പോഴും പാകിസ്താനു വിജയസാധ്യത ഉണ്ടായിരുന്നെങ്കിലും അവസാന ലാപ്പിൽ കാലിടറി. കൃത്യമായ പ്ലാനിങ്ങോടെ നടന്ന ചേസിംഗ് അവസാന ഓവറുകളിലെ ചില മോശം ഷോട്ടുകളിൽ പാകിസ്താന് കൈമോശം വരികയായിരുന്നു.

തായ്ലൻഡിനെ 74 റൺസിനു തകർത്താണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 149 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ തായ്ലൻഡിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 74 റൺസ് നേടാനേ സാധിച്ചുള്ളൂ. ഇന്ത്യക്കായി ബാറ്റിംഗിൽ ഷഫാലി വർമയും (42) ബൗളിംഗിൽ ദീപ്തി ശർമയും (3 വിക്കറ്റ്) തിളങ്ങി.