കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ ജസ്റ്റിസ് ഹേമന്ദ് ഗുപ്തയുടെ വിധിയോട് വിയോജിച്ച് ജസ്റ്റിസ് സുധാംശു ധൂലിയ ഉദ്ധരിച്ചത് കേരളത്തിലെ ബിജോയ് ഇമ്മാനുവേല്‍ കേസ്. ഹിജാബ് വിഷയത്തില്‍ ഇന്ന് സുപ്രിംകോടതിയില്‍ ഭിന്നവിധിയാണുണ്ടായത്. ഹിജാബ് നിരോധനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹര്‍ജികള്‍ തള്ളി. കര്‍ണാടക ഹൈക്കോടതി വിധി അദ്ദേഹം ശരിവച്ചു. എന്നാല്‍ ഇതിനോട് ജസ്റ്റിസ് സുധാംശു ധൂലിയ വിയോജിച്ചു.
യഹോവ സാക്ഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ദേശീയ ഗാനം ചൊല്ലാതിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു ബിജോയ് ഇമ്മാനുവേല്‍ കേസിലെ വിധി. കേരളത്തില്‍ നിന്നുള്ള കുട്ടികളാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. കിടങ്ങൂര്‍ എന്‍എസ്എസ് ഹൈക്കോടതിയിലെ വിദ്യാര്‍ത്ഥികളായ ബിജോയ്, ബിനു, ബിന്ദു എന്നിവരാണ് കോടതിയെ സമീപിച്ചിരുന്നത്. 1986ലാണ് കേസ് നടന്നത്.
86
യഹോവ സാക്ഷി വിശ്വാസികളായ തങ്ങള്‍ ദേശീയ ഗാനം ഉറക്കെ ചൊല്ലാന്‍ വിശ്വാസം അനുവദിക്കില്ലെന്നായിരുന്നു കുട്ടികളുടെ വാദം. കുട്ടികള്‍ക്ക് ദേശീയ ഗാനം ചൊല്ലാതിരിക്കാന്‍ അവകാശമുണ്ടെന്ന് കോടതി വിധിക്കുകയായിരുന്നു. ഈ കേസിന്റെ വിധിയില്‍ കോടതി പറഞ്ഞ മൂന്ന് മാനദണ്ഡങ്ങളും ഹിജാബ് ധരിക്കുന്നതുമായി ബന്ധപ്പെട്ട വിശ്വാസത്തിലും ബാധകമാണെന്ന് ജസ്റ്റിസ് സുധാംശു ധൂലിയ വാദിച്ചു.
ഇത്തരമൊരു വിശ്വാസം നിലനില്‍ക്കുന്നുണ്ടോ (prevalent) , അത് സ്ഥാപിതമാണോ( established) സത്യസന്ധമായി വിശ്വസിക്കപ്പെടുന്നതാണോ (bonafide) എന്നിവയാണ് മൂന്ന് മാനദണ്ഡങ്ങള്‍. ഇവ മൂന്നും ഹിജാബിന്റെ കാര്യത്തില്‍ പാലിക്കപ്പെടുന്നുണ്ടെന്നും ജസ്റ്റിസ് ധൂലിയ നിരീക്ഷിച്ചു.
കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ത്ഥികളാണ് സുപ്രിംകോടതിയെ സമീപിച്ചിരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്നാണ് ജസ്റ്റിസ് സുധാംശു ധൂലിയ വ്യക്തമാക്കുന്നത്. ഹിജാബ് നിരോധനത്തിന് പിന്നാലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കൊഴിഞ്ഞുപോക്കുണ്ടായ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
11 ചോദ്യങ്ങള്‍ ആധാരമാക്കിയാണ് താന്‍ വിധി പ്രസ്താവിച്ചതെന്നാണ് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത വ്യക്തമാക്കിയത്. ഹിജാബ് നിരോധനം വസ്ത്രസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന നിരീക്ഷണം നടത്താന്‍ തനിക്ക് സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഹിജാബ് നിരോധനം ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങള്‍ ജസ്റ്റിസ് ധൂലിയ തന്റെ വിധിയില്‍ സൂചിപ്പിച്ചു. വിധി ചീഫ് ജസ്റ്റിസിന്റെ പരിഗണനയിലേക്കാണ് പോകുക. ചീഫ് ജസ്റ്റിസാണ് വിശാല ബെഞ്ചിന് രൂപം നല്‍കുക.