സി.പി.എം നേതാവും മുന്‍ ധനമന്ത്രിയുമായ വി.വിശ്വനാഥ മേനോന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1987ലെ നായനാര്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു.
അഡ്വ. അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന് എറണാകുളത്താണ് വി വിശ്വനാഥ മേനോൻ ജനിച്ചത്. എറണാകുളം ശ്രീരാമവർമ സ്കൂളിലും മഹാരാജാസ് കോളേജിലും മുംബൈ ലോ കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റ് കോടതികളിലും അഭിഭാഷകനായിരുന്നു.
1987 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ നിന്ന് മൽസരിച്ചു വിജയിച്ച് ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായി. പിൽക്കാലത്ത് അദ്ദേഹം കുറച്ചു കാലം പാർടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടു നിന്നിരുന്നു. ആത്മകഥയായ ‘കാലത്തിനൊപ്പം മായാത്ത ഓർമകൾ’ ഗാന്ധിയുടെ പീഡാനുഭവങ്ങൾ (നാടക വിവർത്തനം) , മറുവാക്ക് (ലേഖന സമാഹാരം) എന്നീ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.