Kerala

അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുവരുമെന്ന സർക്കാർ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ

സംസ്ഥാനത്ത് അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുവരുമെന്ന് സർക്കാർ ഒന്നിലേറെ തവണ നിയമസഭയിൽ നടത്തിയ പ്രഖ്യാപനം ഇപ്പോഴും കടലാസിൽ. ബില്ലിന്റെ കരട് നിയമപരിഷ്‌കരണ കമ്മീഷന്റെ പരിഗണനയിലാണെന്നതാണ് സർക്കാരിന്റെ വിശദീകരണം.

പലതവണ സ്വകാര്യ ബില്ലായും ശ്രദ്ധക്ഷണിക്കലും സബ്മിഷനുമൊക്കെയായി അന്ധവിശ്വാസ നിർമാർജന നിയമം നിയമസഭയിൽ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ വർഷം ആലത്തൂർ എം.എൽ.എ കെ.ഡി.പ്രസേനൻ അവതരിപ്പിച്ച സ്വകാര്യബില്ലിനും സർക്കാർ സമാനമായ നിയമം തയാറാക്കുന്നുവെന്ന മറുപടിയാണ് നിയമസഭയിൽ ലഭിച്ചത്.

പത്തനംതിട്ട ഇലന്തൂരിലെ ആഭിചാര കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ അന്ധവിശ്വാസ നിർമാർജന നിയമം കൊണ്ടുവരണമെന്ന ആവശ്യം വീണ്ടും ശക്തം. സംസ്ഥാനത്ത് അന്ധവിശ്വാസങ്ങൾ അവസാനിപ്പിക്കാൻ നിയമം കൊണ്ടുവരുമെന്ന വിവിധ സർക്കാരുകളുടെ പ്രഖ്യാപനത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2014ൽ രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോൾ നിയമം കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാൽ മുന്നോട്ടുപോയില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് 2017ൽ കോൺഗ്രസ് അംഗം പി.ടി.തോമസ് സ്വകാര്യബില്ല് അവതരിപ്പിച്ചെങ്കിലും അനുമതി ലഭിച്ചില്ല. കഴിഞ്ഞവർഷം സിപിഐഎമ്മിന്റെ കെ.ഡി.പ്രസേനനും ഇതേവിഷയത്തിൽ സ്വകാര്യബിൽ അവതരിപ്പിച്ചു. സമാനമായ ബിൽ സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും നിയമവകുപ്പ് പരിശോധിച്ചുവരികയാണെന്നുമായിരുന്നു അപ്പോഴും മറുപടി.

ഗർഭം ധരിക്കാൻ കഴിയാത്ത സ്ത്രീകളെ അനുഗ്രഹിക്കലെന്ന പേരിൽ അപമാനിക്കൽ മുതൽ, ശാസ്ത്രീയ പരിശോധനകൾ വഴി രോഗനിർണയം നടത്താതെ പ്രാർഥന, മന്ത്രം, ജപിച്ചു നൽകൽ എന്നിങ്ങനെ ദിവ്യശക്തികളുടെ പേരിലുള്ള ചികിത്സകൾ വരെ നിർദിഷ്ട ബില്ലിൽ കുറ്റകരമാണ്. അന്ധവിശ്വാസം പ്രചരിപ്പിച്ചു എന്നു തെളിയുന്നവർക്ക് ആയിരം രൂപ മുതൽ അൻപതിനായിരം രൂപ വരെ പിഴയും ഒന്നു മുതൽ ഏഴുവർഷം വരെ തടവും ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു. ഭരണപ്രതിപക്ഷങ്ങൾ ഒറ്റക്കെട്ടായി അനുകൂലമാണെങ്കിലും ബിൽ തയാറാക്കലും അവതരണവും നീണ്ടുനീണ്ടു പോവുകയാണ്. ഇലന്തൂർ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിയമനിർമാണത്തിനായുള്ള സമ്മർദം സർക്കാരിനുമേൽ കൂടുതൽ ശക്തമാകും.