വാരാണസി ഗ്യാൻ വാപി മസ്ജിദിൽ കാർബൺ ഡേറ്റിംഗ് നടത്തുന്നതുമായി ബന്ധപ്പെട്ട വാരണാസി ജില്ലാ കോടതിയുടെ വിധി ഇന്ന്. ഗ്യാൻവാപി മസ്ജിദിലെ വാസുഖാനെയിലും റിസർവോയറിലും കണ്ടെത്തിയത് ശിവലിംഗം ആണ് എന്ന ഹർജിയുമായി ബന്ധപ്പെട്ടാണ് അപേക്ഷ.
ഗ്യാൻ വാബി മസ്ജിദ് – ശൃംഗാർ ഗൗരി കേസിൽ കാർബൺ ഡേറ്റിംഗുമായി ബന്ധപ്പെട്ട ഇരുവിഭാഗത്തിന്റെയും വാദം കഴിഞ്ഞതവണ കോടതി കേട്ടിരുന്നു. ഹിന്ദു വിഭാഗം കാർബൺ ഡേറ്റിങ്ങിനെ അനുകൂലിച്ചും മുസ്ലിം വിഭാഗം കാർബൺ ഡേറ്റിങ്ങിനെ എതിർത്തുമാണ് നിലപാട് വ്യക്തമാക്കിയത്.
പള്ളി പരിസരത്തെ വാസുഖാനെയിലും റിസർവോയറിലും കണ്ടെത്തിയ ശിവലിംഗത്തിന്റെ കാലപ്പഴക്കം നിശ്ചയിക്കാനായാണ് കാർബൺ ഡേറ്റിംഗ് നടത്തുന്നത്. മസ്ജിദ് കമ്മിറ്റിയുടെ വാദം കൂടി കേട്ട ശേഷമാകും വാരാണസി കോടതി കാർബൺ ഡേറ്റിംഗ് പോലുള്ള ശാസ്ത്രീയ പരിശോധന ആവശ്യമുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
ഹിന്ദു ക്ഷേത്രം നിലനിന്നിടത്താണ് മസ്ജിദ് നിർമിച്ചതെന്ന ഹർജിക്കാരുടെ വാദം തെളിയിക്കാനായാണ് ശാസ്ത്രീയ അന്വേഷണം. അഞ്ച് പേരായിരുന്നു ഹർജി നൽകിയതെങ്കിലും കാർബൺ ഡേറ്റിംഗിന് വിധേയമാക്കിയാൽ ശിവലിംഗത്തിന് കേടുപാടുകൾ സംഭവിക്കുമെന്ന് ചൂണ്ടിക്കാട്ടി ഹർജിക്കാരിൽ ഒരാൾ പിൻമാറിയിരുന്നു.