ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനു വേണ്ടി പോരാടിയവരിൽ പ്രധാനിയാണ് യാദവ്. യുപിയിലും ദേശീയ രാഷ്ട്രീയത്തിലും മുലായം സിംഗ് വ്യത്യസ്ത വ്യക്തിത്വമാണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
“പ്രതിരോധ മന്ത്രിയെന്ന നിലയിൽ ഇന്ത്യയെ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം പ്രവർത്തിച്ചു. രാജ്യതാൽപ്പര്യങ്ങൾക്കായി അദ്ദേഹം പാർലമെന്റിൽ പല സുപ്രധാന കാര്യങ്ങളിലും ഊന്നൽ നൽകി. മുലായം സിംഗ് യാദവ് ശുഷ്കാന്തിയോടെ ജനങ്ങളെ സേവിക്കുകയും ജയപ്രകാശ് നാരായൺ, റാം മനോഹർ ലോഹ്യ എന്നിവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബത്തിനും പിന്തുണക്കാർക്കും എന്റെ അനുശോചനം.”- യാദവിനൊപ്പമുള്ള നിരവധി ചിത്രങ്ങൾ ട്വീറ്റ് ചെയ്തുകൊണ്ട് മോദി കുറിച്ചു.
മുലായം സിംഗ് യാദവിന്റെ മരണത്തിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. “പതിറ്റാണ്ടുകളായി ഉത്തർപ്രദേശിന്റെ രാഷ്ട്രീയത്തിൽ പ്രധാന പങ്ക് വഹിച്ച താഴേത്തട്ടിലുള്ള നേതാവായിരുന്നു മുലായം സിംഗ് യാദവ്. സുദീർഘമായ തന്റെ പൊതുജീവിതത്തിൽ നിരവധി പദവികളിൽ പ്രവർത്തിച്ച അദ്ദേഹം രാജ്യത്തിന്റെയും സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും വികസനത്തിന് സംഭാവന നൽകി. അദ്ദേഹത്തിന്റെ മരണം വളരെ വേദനാജനകമാണ്.”-അദ്ദേഹം ട്വീറ്റിൽ കുറിച്ചു.
തിങ്കളാഴ്ച മേദാന്ത ആശുപത്രിയിൽ വച്ചാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്. 82 വയസ്സായിരുന്നു. കഴിഞ്ഞ ഒക്ടോബർ രണ്ടിനാണ് മുലായം സിംഗ് യാദവിനെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി രോഗബാധിതനായിരുന്നു. മുലായം സിംഗ് യാദവിന്റെ നിര്യാണത്തിൽ ഉത്തർപ്രദേശ് സർക്കാർ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാന ബഹുമതികളോടെ സൈഫയിൽ സംസ്കാരം നടക്കും.