ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോഴെല്ലാം ലോക ശ്രദ്ധ ലഭിക്കുന്നുണ്ട്. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ഉഭയകക്ഷി പരമ്പരകൾ നടക്കാറില്ലെങ്കിലും, മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ചിരവൈരികൾ പരസ്പരം ഏറ്റുമുട്ടുന്നു. നേർക്കുനേർ പോരാട്ടത്തിൽ ഇന്ത്യക്ക് മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും, അടുത്തിടെ കാര്യങ്ങൾ മാറിമറിഞ്ഞു.
മൾട്ടിനാഷണൽ ടൂർണമെന്റുകളിൽ ഇന്ത്യൻ ടീം പാകിസ്താനോട് തോൽവി ഏറ്റുവാങ്ങാൻ തുടങ്ങി. പാക്ക് നിരയിലെ വീര്യം വർധിച്ചത് ഇന്ത്യൻ താരങ്ങൾ പോലും അഭിനന്ദിച്ചിരുന്നു. ഇപ്പോൾ ഇതാ പാക്ക് ടീമിൻ്റെ മെച്ചപ്പെട്ട പ്രകടനത്തിൽ പ്രതികരണവുമായി പി.സി.ബി ചീഫ് റമീസ് രാജ രംഗത്ത് വന്നു. വളരെ വൈകിയാണെങ്കിലും ഇന്ത്യ തങ്ങളെ ബഹുമാനിക്കാൻ തുടങ്ങി എന്നായിരുന്നു പ്രതികരണം.
പാകിസ്താന് ഒരിക്കലും തങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്ന് ഇന്ത്യ കരുതിയിരുന്നു. എന്നാൽ ഇന്ന് ഇന്ത്യ തങ്ങളെ ബഹുമാനിക്കാൻ തുടങ്ങി. സമീപകാലത്തെ തോൽവിയും, ടീമിൻ്റെ മെച്ചപ്പെട്ട പ്രകടനവുമാണ് ഇതിന് കാരണം. ഒരു ബില്യൺ ഡോളർ ടീം ക്രിക്കറ്റ് ഇൻഡസ്ട്രിയെ തോൽപ്പിച്ചതിനാൽ പാകിസ്താന് ക്രെഡിറ്റ് നൽകണമെന്നും അദ്ദേഹം പറഞ്ഞു.
“ഞാൻ തന്നെ ലോകകപ്പ് കളിച്ചിട്ടുണ്ട്, ഞങ്ങൾക്ക് ഇന്ത്യയെ തോൽപ്പിക്കാൻ കഴിഞ്ഞില്ല. ഈ ടീമിന് ക്രെഡിറ്റ് നൽകണം, കാരണം ഇന്ത്യയെ അപേക്ഷിച്ച് പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മത്സരിക്കാൻ അവർ തയ്യാറാണ്.” രാജ പറയുന്നു. വരാനിരിക്കുന്ന ഇന്ത്യ-പാക്ക് മത്സരത്തെക്കുറിച്ചും റമീസ് രാജ സംസാരിച്ചു. നൈപുണ്യത്തിനും കഴിവിനുമപ്പുറം ഈ പോരാട്ടം മാനസിക മത്സരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.