Kerala

മൂന്നാറിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി; പരിഭ്രാന്ത്രിയിൽ നാട്ടുകാർ

മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പൊലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി മാങ്ങാപ്പാറ ഭാഗത്തേക്ക് നീങ്ങിയതായി പൊലീസ് അറിയിച്ചു. വനംവകുപ്പ് സംഘം മേഖലയിൽ പരിശോധന നടത്തും. ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത് നാട്ടുകാരിൽ പരിഭ്രാന്ത്രി പരത്തുകയാണ്. മുൻപ് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്.

വയനാട്ടിലെ തലപ്പുഴയിലും വെള്ളിയാഴ്ച രാവിലെ പുള്ളിപ്പുലി കിണറ്റിൽ അകപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. മയക്കുവെടി വെച്ചാണ് കരയ്ക്ക് കയറ്റിയത്. തലപ്പുഴ പുതിയിടം മൂത്തേടത്ത് ജോസിന്റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്.

പത്തുമണിക്കൂറോളം പുലി കിണറ്റിൽ കിടന്ന ശേഷമാണ് രക്ഷപ്പെടുത്താനായത്. തമിഴ്‌നാട് മുതുമലയിൽ നിന്ന് വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിരുന്നു. കിണറ്റിൽ ധാരാളം വെള്ളമുണ്ടായിരുന്നതിനാൽ മോട്ടോർ ഉപയോഗിച്ച് കുറേയധികം വെള്ളം വറ്റിച്ച ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്.