ഈ വർഷം പുറത്തിറങ്ങിയ തെലുങ്ക് സിനിമ ആർആർആർ ഓസ്കർ പുരസ്കാരത്തിൻ്റെ വിവിധ വിഭാഗങ്ങളിൽ അപേക്ഷ സമർപ്പിച്ചു. മികച്ച സിനിമയും സംവിധായകനും അടക്കം പ്രധാന വിഭാഗങ്ങളിലൊക്കെ ആർആർആർ മത്സരിക്കും. ലോസ് ആഞ്ചലസിലെ ചൈനീസ് തീയറ്ററിൽ സിനിമ പ്രദർശിപ്പിച്ചുകൊണ്ടാണ് ആർആർആർ ഓസ്കർ ക്യാമ്പയിൻ ആരംഭിച്ചത്.
മികച്ച സിനിമ, മികച്ച സംവിധായകൻ, മികച്ച നടൻ, നടി, സ്വഭാവനടൻ, മികച്ച തിരക്കഥ, ഒറിജിനൽ സോങ്ങ്, പശ്ചാത്തല സംഗീതം, ചിത്രസംയോജനം, ഛായാഗ്രഹണം, ശബ്ദമിശ്രണം, വിഎഫ്എക്സ് തുടങ്ങിയ പുരസ്കാരങ്ങൾക്കൊക്കെ വേണ്ടി ആർആർആർ മത്സരിക്കും. മികച്ച സംവിധായകനുള്ള പുരസ്കാരത്തിനായി രാജമൗലി മത്സരിക്കുമ്പോൾ മികച്ച നടനുള്ള പുരസ്കാരത്തിനായി ജൂനിയർ എൻടിആറും റാം ചരണും മത്സരിക്കും. ആലിയ ഭട്ട് ആണ് മികച്ച നടിക്കുള്ള പുരസ്കാരത്തിനായി മത്സരിക്കുക. അജയ് ദേവ്ഗൺ മികച്ച സ്വഭാവ നടനുള്ള പുരസ്കാരത്തിനായി മത്സരിക്കും. ‘നാട്ടു നാട്ടു’ എന്ന പാട്ടാണ് മികച്ച ഒറിജിനൽ സോങ്ങിനുള്ള പുരസ്കാരത്തിനായി മത്സരിക്കുക.
ബാഹുബലി 2നു ശേഷം എത്തുന്ന രാജമൗലി ചിത്രം ആയതുകൊണ്ടുതന്നെ വലിയ സ്വീകാര്യതയോടെയാണ് മാർച്ച് 25 ന് ചിത്രം തീയറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തു ചിത്രം. 1920കളുടെ പശ്ചാത്തലത്തിൽ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയർ എൻടിആർ കൊമരം ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.