Cricket

സയ്യിദ് മുഷ്താഖ് അലി ട്രോഫി; കേരളത്തെ സഞ്ജു നയിക്കും, ഷോൺ റോജർ ടീമിൽ

ഈ സീസണിലെ സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂർണമെൻ്റിൽ കേരളത്തെ സഞ്ജു സാംസൺ നയിക്കും. കഴിഞ്ഞ സീസണിലും സഞ്ജു ആണ് കേരളത്തെ നയിച്ചത്. സച്ചിൻ ബേബിയാണ് വൈസ് ക്യാപ്റ്റൻ. 17 അംഗ ടീമിൽ 19 വയസുകാരനായ ഷോൺ റോജറും ഇടംപിടിച്ചിട്ടുണ്ട്. ക്രിക്കറ്റ് പണ്ഡിറ്റുകൾ ഏറെ ഉറ്റുനോക്കുന്ന താരമാണ് ഷോൺ റോജർ. സഞ്ജുവിൻ്റെ വഴിയേ ഇന്ത്യൻ ടീം വരെ എത്താനുള്ള കഴിവ് താരത്തിനുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യക്കായി അണ്ടർ 19 ടീമിൽ ഷോൺ കളിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം കളിച്ച എസ് അഖിൽ, വത്സൽ ഗോവിന്ദ്, ജലജ് സക്സേന, റോജിത് ഗണേഷ്, പി മിഥുൻ, സുരേഷ് വിശ്വേശ്വർ എന്നിവർക്കൊന്നും ഇക്കുറി ഇടം നേടാനായില്ല. പകരം കൂറ്റനടിക്കാരനായ അബ്ദുൽ ബാസിത്ത്, കൃഷ്ണ ശങ്കർ, വൈശാഖ് ചന്ദ്രൻ, ഫാനൂസ് എഫ്, ബേസിൽ എൻപി, സച്ചിൻ, ഷോൺ റോജർ എസ് തുടങ്ങിയ താരങ്ങൾ ഈ വർഷത്തെ ടീമിലുണ്ട്. ഇക്കഴിഞ്ഞ ദുലീപ് ട്രോഫിയിലടക്കം തകർപ്പൻ പ്രകടനം നടത്തിയ രോഹൻ എസ് കുന്നുമ്മലും ടീമിലുണ്ട്.

പഞ്ചാബിലാണ് മത്സരം. അരുണാചൽ പ്രദേശ്, കർണാടക, ഹരിയാന, സർവീസസ്, മഹാരാഷ്ട്ര, ജമ്മു കശ്‌മീർ, മേഘാലയ എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് ബിയിലാണ് കേരളം. ഒക്ടോബർ 11ന് അരുണാചൽ പ്രദേശിനെതിരായ മത്സരത്തോടെ ടൂർണമെൻ്റ് ആരംഭിക്കുന്ന കേരളം 12, 14, 16, 18, 20, 22 എന്നീ തീയതികളിൽ വീണ്ടും കളത്തിലിറങ്ങും. കഴിഞ്ഞ സീസണിൽ ക്വാർട്ടറിലെത്തിയ കേരളം തമിഴ്നാടിനോട് തോറ്റ് പുറത്തായിരുന്നു.