മൂന്ന് യുവതാരങ്ങൾക്ക് ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നൽകി ഐ എസ് എൽ ക്ലബായ കേരള ബ്ലാസ്റ്റേഴ്സ്. ഇരട്ടസഹോദരങ്ങളായ മുഹമ്മദ് അസർ, മുഹമ്മദ് ഐമൻ എന്നിവരും റോഷൻ ജിജിയുമാണ് ഫസ്റ്റ് ടീമിൽ ഇടം നേടിയത്. വിവരം ക്ലബ് ഔദ്യോഗികമായി അറിയിച്ചു. ഇക്കഴിഞ്ഞ ഡ്യുറൻഡ് കപ്പിൽ നടത്തിയ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് മൂവർക്കും ഫസ്റ്റ് ടീമിൽ ഇടം ലഭിച്ചത്.
19 വയസുകാരായ അസറും ഐമനും ലക്ഷദ്വീപ് സ്വദേശികളാണ്. ഐമൻ മുന്നേറ്റ താരവും അസർ മധ്യനിര താരവുമാണ്. 21കാരനായ റോഷനും മുന്നേറ്റ താരമാണ്. ഡ്യുറൻഡ് കപ്പ് കൂടാതെ ഐഎസ്എൽ ഡെവ്‌ലപെമന്റ് ലീഗിലും ഈ മൂന്ന് താരങ്ങളും ബ്ലാസ്റ്റേഴ്സിനായി കളിച്ചു. അസറും ഐമനും യുകെയിൽ നെക്സ്റ്റ് ജെൻ കപ്പിലും കളിച്ച താരങ്ങളാണ്.
ബ്രൈസ് മിറാൻഡ, സൗരവ് മോണ്ഡാൽ, ബിദ്യാസാഗർ എന്നീ മൂന്ന് ഇന്ത്യൻ താരങ്ങളെ മാത്രമാണ് സീസണിൽ ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. മലയാളി താരം പ്രശാന്ത് ക്ലബ് വിടുകയും ചെയ്തു. ഇതോടെയാണ് റിസർവ് നിരയിൽ നിന്ന് മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്സ് ഫസ്റ്റ് ടീമിലേക്ക് തിരഞ്ഞെടുത്തത്.
ഈ വർഷം ഒക്ടോബർ ഏഴിനാണ് ഇന്ത്യൻ സൂപ്പർ ലീഗ് ആരംഭിക്കും. കൊച്ചിയിൽ കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാളും തമ്മിലാണ് ഉദ്ഘാടന മത്സരം. വാരാന്ത്യങ്ങളിൽ കൂടുതൽ മത്സരങ്ങൾ നടക്കുന്ന രീതിയിലാണ് ഇത്തവണത്തെ ഫിക്സ്ചറുകൾ. എല്ലാ ദിവസവും മത്സരങ്ങൾ നടക്കില്ല.
ഈ സീസൺ മുതൽ പ്ലേ ഓഫിന് പുതിയ ഫോർമാറ്റ് നടപ്പിലാക്കും. ലീഗ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്ത് ഫിനിഷ് ചെയ്യുന്ന ടീമുകൾ നേരിട്ട് സെമിഫൈനലിലെത്തും. ടേബിളിൽ 3 മുതൽ 6 സ്ഥാനത്ത് വരെ ഫിനിഷ് ചെയ്യുന്ന ടീമുകൾ തമ്മിൽ സിംഗിൾ ലെഗ് പ്ലേ ഓഫ് മത്സരം കളിച്ച് മറ്റ് രണ്ട് സെമിഫൈനലിസ്റ്റുകളെ തെരഞ്ഞെടുക്കും. കഴിഞ്ഞ സീസൺ വരെ പട്ടികയിൽ ആദ്യം ഫിനിഷ് ചെയ്യുന്ന മൂന്ന് ടീമുകൾ സെമി കളിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത്.