Kerala

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിക്ക്; പ്രമേയം പാസാക്കി

കെപിസിസി അധ്യക്ഷനെ നിശ്ചയിക്കാനുള്ള അധികാരം എഐസിസിയില്‍ നിക്ഷിപ്തമാക്കുന്ന പ്രമേയം പാസാക്കി. രമേശ് ചെന്നിത്തലയാണ് കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, എംഎം ഹസ്സന്‍, കെ സി ജോസഫ്, കെ മുരളീധരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ ഒറ്റവരി പ്രമേയത്തെ പിന്തുണച്ചു.

അധ്യക്ഷനെ നോമിനേറ്റ് ചെയ്യാന്‍ സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയത് ഏകകണ്ഠമായാണെന്ന് ജി പരമേശ്വര പ്രതികരിച്ചു. 254 അംഗങ്ങളാണ് യോഗത്തില്‍ പങ്കെടുത്തത്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകും.

പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങളുടെ യോഗമാണ് ഇന്ന് ചേര്‍ന്നത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പായിരുന്നു അജണ്ട. അധ്യക്ഷനായി കെ.സുധാകരന്‍ തന്നെ തുടരാന്‍ ധാരണയിലെത്തിയിരുന്നു. തുടര്‍ന്നാണ് കെപിസിസി അധ്യക്ഷനെയും കെപിസിസി ഭാരവാഹികളേയും എ.ഐ.സി.സി അംഗങ്ങളേയും സോണിയാഗാന്ധിക്ക് തീരുമാനിക്കാം എന്ന പ്രമേയം പാസാക്കിയത്.

കെ സി വേണുഗോപാല്‍ വിഭാഗവും എ-ഐ ഗ്രൂപ്പുകളും സുധാകരന്‍ തുടരാന്‍ ധാരണയിലെത്തുകയായിരുന്നു. കെ.പി.സി.സി ഭാരവാഹികളുടേയും എ.ഐ.സി.സി അംഗങ്ങളുടേയും കാര്യത്തിലും ധാരണയിലെത്തിയിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം എ.ഐ.സി.സി പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം മാത്രമേ ഉണ്ടാവുകയുള്ളൂ. സീറ്റുകള്‍ വീതം വയ്ക്കുകയാണെന്ന ആരോപണം ചില നേതാക്കള്‍ക്കുണ്ടെങ്കിലും ഭാരത് ജോഡോ യാത്ര നടക്കുന്നതിനാല്‍ തര്‍ക്കം വേണ്ടെന്നാണ് തീരുമാനം.