മുതിര്‍ന്ന ബിജെപി നേതാവും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിംഗ് റാവത്തിന്റെ വാഹനവ്യൂഹം തടഞ്ഞ് മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച് കാട്ടാന. പൗരിയില്‍ നിന്നും കോട്വാറിലേക്ക് പോകും വഴിയാണ് റാവത്തിന്റെ വാഹനവ്യൂഹത്തിന് മുന്നില്‍ കാട്ടാന പ്രത്യക്ഷപ്പെട്ടത്. മലയോരത്തുകൂടിയുള്ള ഹെയര്‍പിന്നില്‍ റാവത്തിനും കൂട്ടര്‍ക്കും ഒരു മണിക്കൂറോളം വാഹനം നിര്‍ത്തിയിടേണ്ടി വന്നു. വാഹനവ്യൂഹത്തെ പൂര്‍ണമായും തടഞ്ഞുകൊണ്ട് വഴിയുടെ ഒത്ത നടുവിലാണ് ആന നിലയുറപ്പിച്ചത്.
ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം നടന്നത്. റാവത്തിന്റെ വാഹനവ്യൂഹം ടുട്ട് ഗാഡ്രെയ്ക്ക് സമീപമുള്ള റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഇരുട്ട് വീണിരുന്നു. ആ സമയത്താണ് കാട്ടില്‍ നിന്നും ആന ഇടുങ്ങിയ പാതയിലേക്ക് ഇറങ്ങിയത്. ആന സമാധാനപരമായി അതിന്റെ വഴിക്ക് പോകുമെന്ന പ്രതീക്ഷയില്‍ റാവത്തും കൂട്ടരും വാഹനത്തില്‍ തന്നെ ഇരുന്നു. എന്നാല്‍ അല്പ സമയത്തിനുള്ളില്‍ തന്നെ ആന വാഹനത്തിന് നേര്ക്കടുക്കാന് തുടങ്ങിയതോടെ ഡ്രൈവറുള്‍പ്പെടെ എല്ലാവരും പരിഭ്രാന്തരാകുകയായിരുന്നു.
തുടര്‍ന്ന് പ്രാണരക്ഷാര്‍ഥം റാവത്തും കൂട്ടാളികളും വാഹനം ഉപേക്ഷിച്ച് ഒരു ചെറിയ കുന്നിന് മുകളിലേക്ക് കയറി. കാട്ടാനയ്ക്ക് വളരെ എളുപ്പത്തില്‍ കുന്നിന് മുകളിലേക്ക് കയറാനാകില്ലെന്ന കണക്കുകൂട്ടലിലാണ് സംഘം വളരെ വേഗത്തില്‍ കുന്നിന് മുകളിലേക്ക് കയറിയത്. ഈ സമയം തന്നെ റാവത്തും കൂട്ടരും വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. വളരെ വേഗത്തില്‍ സംഭവസ്ഥലത്തേക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആകാശത്തേക്ക് വെടിവച്ചതോടെയാണ് ആന വഴിയില്‍ നിന്ന് നീങ്ങി കാട്ടിലേക്ക് മടങ്ങിപ്പോയത്.