Football Sports

ടോട്ടനത്തെയും തകര്‍ത്ത് അയാക്സ്

ചാമ്പ്യൻസ് ലീഗിലെ ആവേശകരമായ ആദ്യ സെമി ഫൈനൽ മത്സരത്തിൽ ടോട്ടനത്തിനെതിരെ എതിരില്ലാത്ത ഏക ഗോളിന് അയാക്സിന് ജയം. സ്വന്തം തട്ടകത്തിൽ ഹാരികെയ്നും സൺ ഹുങ്ങ് മിന്നും ഇല്ലാതെയാണ് ടോട്ടനം ഇറങ്ങിയത്.

തുടക്കം മുതൽ തന്നെ മനോഹര പാസ്സിങ്ങ് ഗെയിമാണ് അയാക്സ് പുറത്തെടുത്തത്. വാൻ ഡെ ബീക്കും നെരസും ടാഡിച്ചും നയിക്കുന്ന മുൻനിര മനോഹരമായാണ് കളിച്ചത്. മത്സരത്തിന്റെ 15ാം മിനിറ്റിൽ വാൻ ഡെ ബീക്കിലൂടെ അത് ഫലം കണ്ടു. സിയച്ച് ടോട്ടനത്തിന്റെ പ്രതിരോധനിരയെ മുഴുവനും കബളിപ്പിച്ച് നൽകിയ പാസ് വാൻ ഡെ ബീക്ക് അനായാസം ഗോൾവര കടത്തുകയായിരുന്നു.

പിന്നീട് ടോട്ടനം മികച്ച മുന്നേറ്റങ്ങൾ കണ്ടെത്തിയെങ്കിലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. മത്സരത്തിന്റെ 39ാം മിനിറ്റിൽ വെർട്ടോഗൻ പരിക്ക് കാരണം കയറിയോതോടെ പകരക്കാരനായി സിസോക്കോ വന്നു. പിന്നീടും ടോട്ടനം സുന്ദരമായ അവസരങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു. ആദ്യപകുതിയിലെ ഇഞ്ചുറി ടൈമിൽ ആൾഡർവേർഡിന്റെ ഹെഡർ പോസ്റ്റിനെ തൊട്ടുതലോടി പോകുകയായിരുന്നു.

രുപോസ്റ്റിലേക്കും പന്ത് കേറി ഇറങ്ങിയ ആവേശപോരാട്ടത്തിനാണ് രണ്ടാം പകുതിയും സാക്ഷ്യം വഹിച്ചത്. ടോട്ടനം തിരിച്ചടിക്കാൻ നിരന്തരം പരിശ്രമിച്ചെങ്കിലും ഡിലൈറ്റ് നേത്യത്വം നൽകുന്ന പ്രതിരോധനിരയെ മറികടക്കാനവര്‍ക്കായില്ല. അലക്ഷ്യമായ ക്രോസുകളും പാസുകളും ടോട്ടനത്തിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ചു. മത്സരം അവസാനിക്കാൻ മിനിറ്റുകൾക്ക് മുമ്പ് അയാക്സ് മുന്‍നിര താരം നെരസിന്റെ ഗോളെന്നുറപ്പിച്ച മനോഹരമായ ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി. അവസാന നിമിഷം വരെ ആവേശം നിറഞ്ഞ മത്സരത്തില്‍ അയാക്സ് ഏകഗോളിന്റെ പിന്‍ബലത്തില്‍ ആദ്യപാദം ജയിച്ചുകയറി.

യൂറോപ്യൻ വമ്പന്മാരായ റയൽ മാഡ്രിഡിനെയും യുവന്റസിനെയും തകർത്താണ് അയാക്സ് ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് വരുന്നത്. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കരുത്തരായ സിറ്റിയെ തകർത്താണ് ടോട്ടനം വന്നത്. എന്തായാലും ടോട്ടനത്തെ തകർത്ത് അയാക്സ് അത്ഭുതങ്ങൾ ആവർത്തിക്കുമോ? അതോ അയാക്സിന്റെ തട്ടകത്തിൽ ടോട്ടനം തിരിച്ചുവരുമോ?