India Kerala

കോടികള്‍ തട്ടി മുങ്ങി; റോബിന്‍ മാത്യു ഇടമറ്റത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോടികള്‍ തട്ടി മുങ്ങിയ കേസിലെ പ്രതി റോബിന്‍ മാത്യു ഇടമറ്റത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. രാജ്യം വിട്ടു പോകാതിരിക്കാന്‍ പ്രധാന വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. പണം കൈമാറ്റം നടന്ന കോട്ടയം എസ്എച്ച് മൗണ്ടിലെ ആഡംബര വീട്ടിൽ പോലീസ് പരിശോധന നടത്തി.

വിദേശ രാജ്യങ്ങളില്‍ ജോലി വാങ്ങി വാഗ്ദാനം ചെയ്ത് ഒരോ അപേക്ഷകനില്‍ നിന്നും ഒരു ലക്ഷം മുതല്‍ 6 ലക്ഷം രൂപ വരെയാണ് ഫീനിക്‌സ് കണ്‍സള്‍ട്ടന്‍സി ഉടമ റോബിന്‍ മാത്യു ഇടമറ്റം തട്ടിയത്. കോട്ടയം എസ്.എച്ച് മൗണ്ടിലെ ഫീനിക്‌സ് കണ്‍സള്‍ട്ടന്‍സിക്ക് സമീപത്തെ ബന്ധുവിന്റെ ആഡംബര വീട്ടീലാണ് പണം കൈമാറ്റം നടന്നിരുന്നത്. ഈ ആഡംബരവീട്ടില്‍ പോലീസ് റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. 50 കോടിയിലധികം രൂപ ഇത്തരത്തില്‍ തട്ടിയെടുത്തതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതേസമയം സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ 85 പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുത്തിരുന്നു. കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയവരുടെ എണ്ണം 265 ആയി.


ഒരോ ദിവസവും കൂടുതല്‍ പേര്‍ പരാതികളുമായി പോലീസിനെ സമീപിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ റോബിന്‍ മാത്യുവിനെ പിടികൂടാന്‍ പോലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. ഇയാള്‍ രാജ്യം വിട്ടു പോകാതിരിക്കാന്‍ പ്രധാന വിമാനത്താവളങ്ങളില്‍ പോലീസ് ജാഗ്രത നിര്‍ദ്ദേശം നല്‍കി. ഇയാള്‍ ഫോണ്‍ ഉപയോഗിക്കാതെ സമൂഹ മാധ്യമങ്ങള്‍ വഴി അടുപ്പക്കാര്‍ക്ക് സന്ദേശങ്ങള്‍ കൈമാറുന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്.