റഷ്യയെ പരാജയപ്പെടുത്താൻ ബ്രിട്ടന്റെ പുതിയ കൺസർവേറ്റീവ് നേതാവ് ലിസ് ട്രസ് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി. ട്രസ്സുമായുള്ള സഹകരണത്തിന്റെ തുടക്കത്തിനായി കാത്തിരിക്കുകയാണെന്ന് തന്റെ ദൈനംദിന പ്രസംഗത്തിൽ സെലെൻസ്കി പറഞ്ഞു.
“നമ്മുടെ ജനങ്ങളെ സംരക്ഷിക്കുന്നതിനും, റഷ്യൻ ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് വിശ്വസിക്കുന്നു. യുക്രൈൻ ജനതയ്ക്ക് നിങ്ങളെ നന്നായി അറിയാം, നിങ്ങൾ യൂറോപ്യൻ രാഷ്ട്രീയത്തിന്റെ നന്മയുടെ വശം ചേർന്ന് നിൽക്കുന്നു. നമ്മുടെ ഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് പ്രധാനം” – സെലെൻസ്കി കൂട്ടിച്ചേർത്തു.
ഫെബ്രുവരി 24 ന് റഷ്യയുടെ അധിനിവേശം ആരംഭിച്ചതുമുതൽ ബ്രിട്ടൻ യുക്രൈന്റെ ഉറച്ച സഖ്യകക്ഷിയാണ്. യുദ്ധം ആരംഭിച്ചതിനു ശേഷം യുക്രൈനിലേക്കുള്ള മൂന്നാമത്തെ സന്ദർശന വേളയിൽ സെലെൻസ്കി മുൻ യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസണിന് “ഓർഡർ ഓഫ് ലിബർട്ടി” നൽകി ആദരിച്ചിരുന്നു. രാജ്യത്തിന്റെ പരമാധികാരത്തെ ഊട്ടിയുറപ്പിക്കുന്നവർക്ക് നൽകുന്ന യുക്രൈൻ ബഹുമതിയാണ് ഇത്.