National

‘തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ നേതൃത്വത്തെ ഉടച്ച് വാർക്കും’; എഐസിസി അധ്യക്ഷൻ ആകാൻ അശോക് ചവാനും

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തയ്യാറെടുത്ത് അശോക് ചവാൻ.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയാണ് അശോക് ചാവാൻ. തന്റെ സ്ഥാനാർത്ഥത്തിന് പിന്തുണ തേടി അശോക് ചാവാൻ മുതിർന്ന നേതാക്കളോട് ആശയവിനിമയം നടത്തി. യുവാക്കൾക്ക് പ്രാതിനിധ്യം നൽകുന്ന വിധത്തിൽ താൻ തെരഞ്ഞെടുക്കപ്പെട്ടാൽ ദേശീയ നേതൃത്വത്തെ ഉടച്ച് വാർക്കും എന്ന് അശോക് ചവാൻ പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഗാന്ധി കുടംബത്തില്‍ നിന്നാരും മത്സരിക്കാനില്ലെന്ന് വ്യക്തമായതോടെ അതിന് പുറത്തുള്ള സാധ്യതകളെ കുറിച്ചാണ് സജീവ ചർച്ച. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് ശശി തരൂര്‍ , മനീഷ് തിവാരി എന്നിവരുടെ പേരുകള്‍ ആണ് നിലവില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. മത്സരിക്കാനുള്ള സാധ്യത നിലനിർത്തുന്ന ശശി തരൂര്‍ സമവായത്തിലൂടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയാകില്ലെന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഖെലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിനോടാണ് ഗാന്ധി കുടംബം താല്‍പ്പര്യപ്പെടുന്നതെന്നാണ് വിവരം. വടക്കേ ഇന്ത്യയില്‍ നിന്നോ ദളിത് വിഭാഗത്തില്‍ നിന്നോ ഒരാള്‍ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതാണ് കോണ്‍ഗ്രസിന് അനുയോജ്യമെന്ന് വാദം ഉയർത്തി തരൂരിനെ നേരിടാനാണ് ഔദ്യോഗിക പക്ഷത്തിൻറെ നീക്കം. എന്നാല്‍ ഇതിനെ ഭാരതീയനാവുകയാണ് വേണ്ടതെന്ന് ഹിന്ദിയില്‍ തരൂർ മറുവപടി നല്കിയിരുന്നു.