കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് തുടങ്ങിയ ചരക്ക് കപ്പല്‍ സര്‍വീസ് അവസാനിപ്പിച്ചതായി മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍. സ്വകാര്യ കപ്പല്‍ കമ്പനിക്ക് ലാഭമുണ്ടാക്കി കൊടുക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും സര്‍വീസ് നടത്താനായി പുതിയ കമ്പനിയെ തേടുകയാണെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മലബാറിലേക്കുള്ള ചരക്കുഗതാഗതം സുഗമമാക്കാനാണ് മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മ പരിപാടിയില്‍ കപ്പല്‍ സര്‍വീസ് ആരംഭിച്ചത്.
കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാനവാരമാണ് എംവി ഹോപ് സെവന് എന്ന കപ്പല്‍ സര്‍വീസ് ആരംഭിച്ചത്. വൈകിയാണെങ്കിലും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ശതമാനം ഇന്‍സെന്റീവും കപ്പല്‍ കമ്പനിക്ക് നല്കി. എന്നാല്‍ നാലുമാസം മുന്‍പ് സര്‍വീസ് നിര്‍ത്തുകയായിരുന്നു. കേരള തീരം വിട്ട കപ്പല്‍ പിന്നെ തിരികെയെത്തിയില്ല. അറ്റകുറ്റപണികള്‍ക്ക് പോയ കപ്പല്‍ ഉടന്‍ മടങ്ങി വരുമെന്നായിരുന്നു ഇത്രയും നാള് തുറമുഖ വകുപ്പ് പറഞ്ഞു കൊണ്ടിരുന്നത്. എന്നാല്‍ കപ്പല്‍ മടങ്ങി വരില്ലെന്ന് ഇപ്പോള്‍ തുറമുഖ വകുപ്പ് മന്ത്രി തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കൊച്ചിയില്‍ നിന്ന് കണ്ടെയ്നറുകള്‍ തിരക്കേറിയ റോഡ് മാര്‍ഗം മലബാര്‍ ജില്ലകളിലെത്തിക്കാനുളള എളുപ്പ മാര്‍ഗത്തിനാണ് പൂട്ട് വീണത്. ഫ്ലൈവുഡ് ഉള്‍പ്പടെയുളള മലബാറിലെ ഉല്പന്നങ്ങള് കടല്കടന്നതും ഈ കപ്പല്‍ വഴിയായിരുന്നു.