Kerala

കാലിക്കറ്റ് സർവകലാശാല നിയമനം; ദലിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നരവർഷമായിട്ടും നടപടിയില്ല

സർവകലാശാല നിയമനങ്ങിൽ കർശന നടപടി സ്വീകരിക്കുന്ന ഗവർണർ കാലിക്കറ്റ് സർവകലാശാലയിലെ നിയമനത്തിൽ ദലിത് ഉദ്യോഗാർത്ഥി നൽകിയ പരാതിയിൽ ഒന്നരവർഷമായിട്ടും നടപടിയെടുത്തില്ല. നൽകിയ പരാതിക്ക് മറുപടി പോലും ലഭിച്ചില്ലെന്ന് ഉദ്യോഗാർത്ഥി. മുൻവർഷങ്ങളിലെ നിയമനങ്ങൾ അന്വേഷിക്കുമ്പോൾ തന്റെ പരാതിയിലും നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗാർത്ഥി.

2021ൽ സർവകാലാശാലയിലെ കംപാരറ്റിവ് ലിറ്ററേച്ചർ വിഭാഗത്തിൽ നടന്ന അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിനെതിരെയാണ് അഭിമുഖത്തിൽ പങ്കെടുത്ത ആൻസി ഭായ് പരാതി നൽകിയത്. നിയമനം ലഭിച്ചയാളുടെ പിഎച്ച്ഡി പ്രബന്ധം കോപ്പിയടിച്ചതാണെന്നായിരുന്നു ആരോപണം. ഇതുമായി ബന്ധപ്പെട്ട് തെളിവുസഹിതം മുഖ്യമന്ത്രിക്കും, ഗവർണർക്കും, വിസിക്കും പരാതി നൽകി.

ചാൻസലർ കൂടിയായ ഗവർണറിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പരാതി നൽകിയത്. എന്നാൽ പരാതിക്കു ശേഷം റിമൈൻഡറും അയച്ചിട്ടും മറുപടി പോലും ലഭിച്ചില്ല.

മുഖ്യമന്ത്രി പരാതി സർവകലാശാലയുടെ പരിഗണനക്ക് അയച്ചു. സിൻഡിക്കേറ്റ് പ്രശ്‌നം ചർച്ച ചെയ്ത് അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. എന്നാൽ ആൻസിയുടെ വാദം കേൾക്കാൻ പോലും തയ്യാറാകാതെ സമിതി പരാതി തള്ളിക്കളയുകയായിരുന്നു. നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആൻസി നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.