മത്സ്യതൊഴിലാളികളുടെ വിഴിഞ്ഞം തുറമുഖ സമരം ഇന്ന് പത്താംദിനം. കൊച്ചുവേളി, വലിയവേളി, വെട്ടുകാട് ഇടവകകളുടെ നേതൃത്വത്തിലാണ് ഇന്ന് വാഹനറാലിയും ഉപരോധവും നടക്കുക. സമരം ഒത്തുതീർപ്പാക്കാൻ ഇന്നലെ ലത്തീൻ അതിരൂപതയുമായി സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടിരുന്നു.
മൂന്നാംവട്ട സമവായ ചർച്ചയും പരാജയപ്പെട്ടതോടെ വിഴിഞ്ഞം തുറമുഖ കവാടത്തിന് മുന്നിലെ ഉപരോധ സമരം കൂടുതൽ കടുപ്പിക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. രാവിലെ പത്തരയോടെ കൊച്ചുവേളി, വലിയവേളി, വെട്ടുകാട് ഇടവകകളിൽ നിന്നുള്ളവർ വാഹനറാലിയായി മുല്ലൂരിലെ സമരപ്പന്തലിലെത്തും.
പൊലീസ് ബാരിക്കേഡുകൾ മറികടന്ന് പതിവുപോലെ പദ്ധതി പ്രദേശത്തേക്ക് കടക്കാനാണ് തീരുമാനം. തുറമുഖ നിർമാണം നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് അതിരൂപത നിലപാടെടുത്തതോടെയാണ് സമവായചർച്ച ധാരണയാകാതെ പിരിഞ്ഞത്. വിഴിഞ്ഞം തുറമുഖം മൂലമുണ്ടാകുന്ന എല്ലാ പ്രശനങ്ങൾക്കും പരിഹാരം കാണാമെന്ന മന്ത്രിമാരുടെ വാഗ്ദാനത്തിന് മുന്നിലും അതിരൂപത വഴങ്ങിയില്ല. മുഖ്യമന്ത്രിയുമായുള്ള ചർച്ച ഉടനുണ്ടാകണമെന്ന ആവശ്യവും സമരക്കാർ മുന്നോട്ട് വെക്കുന്നു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അടുത്ത തിങ്കളാഴ്ച വീണ്ടും കടൽസമരം നടത്താനും സമരസമിതി തീരുമാനമാനിച്ചിട്ടുണ്ട്.