സിബിഐ ഉദ്യോഗസ്ഥരെന്ന് കള്ളം പറഞ്ഞ് വ്യവസായികളില്‍ നിന്നും പണം തട്ടുന്ന സംഘം പിടിയില്‍. അസമിലെ കരിംഗഞ്ചിലാണ് തട്ടിപ്പുകള്‍ നടന്നത്. ദില്‍വാര്‍ ഹുസൈന്‍, റാഷിദ് അഹമ്മദ് എന്നീ രണ്ടുപേരാണ് പിടിയിലായത്.
അസമിലെ ഒരു വ്യവസായിയോട് സിബിഐ ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് കരിംഗഞ്ച് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ദില്‍വാറും റാഷിദും പിടിയിലായത്. ബിസിനസുകാരനെ ഫോണില്‍ വിളിച്ചശേഷം ക്രമക്കേടുകള്‍ കണ്ടെത്തിയത് മറയ്ക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.
സംശയം തോന്നിയ ബിസിനസുകാരന്‍ വിളിച്ച നമ്പര്‍ പൊലീസിന് കൈമാറുകയും ഇവരെ ട്രാക്ക് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതികള്‍ ഒരു ആഡംബര ഹോട്ടലിലുണ്ടെന്ന് മനസിലാക്കി ഇരുവരുടേയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ മുന്‍പും ബിസിനസുകാരില്‍ നിന്ന് ഇത്തരത്തില്‍ പണം തട്ടിയതായി കണ്ടെത്തിയത്. ജോലി നല്‍കാമെന്നും വിദേശത്ത് കൊണ്ടുപോകാമെന്നും പറഞ്ഞും ഇവര്‍ നിരവധി യുവാക്കളെ വഞ്ചിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.