സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച ഹർജികൾ ഇന്ന് ഹൈക്കോടതിയിൽ. ദേശീയപാതയിലെ അടക്കം കുഴി അടയ്ക്കൽ പ്രവർത്തികളുടെ പുരോഗതി കോടതി വിലയിരുത്തും. എറണാകുളം, തൃശൂർ ജില്ലാ കളക്ടർമാർ അടക്കം നൽകിയ റിപ്പോർട്ടുകൾ കോടതി പരിശോധിക്കും. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നത്.
സംസ്ഥാനത്ത് തകർന്ന് കിടക്കുന്ന ദേശീയപാതകൾ അടിയന്തരമായി നന്നാക്കണമെന്ന് ഹൈക്കോടതി കർശന നിർദേശം നൽകിയിരുന്നു. ഉത്തരവ് എത്രത്തോളം നടപ്പായെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് പരിശോധിക്കും. മണ്ണൂത്തി-കറുകുറ്റി ദേശീയ പാതയിലെ കുഴിയടയ്ക്കൽ ശരിയായ രീതിയിൽ അല്ലായിരുന്നുവെന്നാണ് തൃശൂർ ജില്ലാ കളക്ടർ ഹരിത വി. കുമാർ സമർപ്പിച്ച റിപ്പോർട്ട്. റോഡുകൾ നന്നാക്കുന്നതിൽ കരാറുകാരന്റെ ഭാഗത്ത് നിന്ന് ഗുരുതര പിഴവുകളുണ്ടായി. കുഴികൾ അടയ്ക്കാൻ കോൾഡ് മിക്സ് ഉപയോഗിച്ചു. ഒറ്റപ്പെട്ട കുഴികൾ അടയ്ക്കാൻ മാത്രം കോൾഡ് മിക്സ് ഉപയോഗിക്കാം. തകർന്ന റോഡുകൾ ടാർ ചെയ്തു തന്നെയാണ് നന്നാക്കേണ്ടത്. ഉത്തരവാദിത്തപ്പെട്ട ആരും റോഡ് പണി നടക്കുമ്പോൾ സ്ഥലത്തുണ്ടായിരുന്നില്ല. പുതുക്കാട് ഭാഗത്തെ ദേശീയ പാത അടിയന്തരമായി നന്നാക്കേണ്ടതുണ്ടെന്നും തൃശൂർ ജില്ലാ കളക്ടർ റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്.
ദേശീയപാതയിലെ അടക്കം കുഴി അടയ്ക്കലിൽ എറണാകുളം ജില്ലാ കളക്ടറും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പും, ദേശീയ പാത അതോറിറ്റിയും റോഡുകൾ നന്നാക്കുന്നതിന്റെ പുരോഗതി കോടതിയെ അറിയിക്കും.