National

പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു

കൂട്ടബലാൽസംഗത്തിന് വിധേയയാക്കുകയും മൂന്നു വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു. അതേസമയം നടപടി പുന:പരിശോധിയ്ക്കെണ്ട സാഹചര്യം ഇല്ലെന്ന് ഗുജറാത്ത് സർക്കാർ വ്യക്തമാക്കി. ബിൽക്കിസ് ബാനു കേസിലെ കുറ്റവാളികളെ വിട്ടയച്ചത് മാനുഷിക പരിഗണനയിൽ ആണെന്ന് കേന്ദ്രമന്ത്രി വി. മുരളിധരനും പ്രതികരിച്ചു.

ഇക്കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിലാണ് 15 വർഷം തടവ് ശിക്ഷ അനുഭവിച്ച 11 പ്രതികളെ അവരുടെ അപേക്ഷ പരിഗണിച്ച് ഗുജറാത്ത്‌ സർക്കാർ സ്വാതന്ത്രരാക്കിയത്. ഈ നടപടിയ്ക്കെതിരെയാണ് കൂട്ടബലാത്സംഗക്കേസിലെ ഇര രംഗത്ത് എത്തിയത്. കുറ്റവാളികളെ മോചിപ്പിച്ചതോടെ നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമായെന്ന് അവർ അഭിഭാഷകൻ മുഖേന പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. സമാധാനത്തോടെ അന്തസായി ജീവിക്കാനുള്ള അവകാശം തിരികെ ലഭിയ്ക്കണം. സ്വാതന്ത്ര്യദിനത്തിൽ സർക്കാരെടുത്ത തീരുമാനം 20 വർഷം മുൻപത്തെ അവസ്ഥയിലേയ്ക്ക് തന്നെ തിരികെ എത്തിച്ചിരിയ്ക്കുകയാണ് എന്നും അവർ പറഞ്ഞു. അതേസമയം, വിട്ടയച്ചത് മാനുഷിക പരിഗണനയിലാണെന്നും കൈക്കൊണ്ട നടപടിയുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യേണ്ടെന്നും കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രതികരിച്ചു.

ഗുജറാത്ത്‌ കലാപത്തിനിടെ ഉണ്ടായ സംഭവത്തിന് തുടർച്ചയായി മൂന്നുവയസ്സുള്ള കുട്ടിയുൾപ്പെടെ ബിൽക്കിസിൻ്റെ ഏഴ്‌ കുടുംബാംഗങ്ങളും കൊലപ്പെട്ടിരുന്നു. ഈ കേസിൽ കോടതി ശിക്ഷിച്ച 11 പ്രതികളെയാണ് ഗുജറാത്ത്‌ സർക്കാർ മോചിപ്പിച്ചത്. തീരുമാനത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ വലിയ വിമർശം ഉന്നയിച്ചിട്ടുണ്ട്. എന്നാൽ തിരുമാനം നിയമപരമായി ശരിയാണെന്നും അതുകൊണ്ട് തന്നെ പിൻ ലിയ്ക്കേണ്ട ആവശ്യം ഇല്ലെന്നും ആണെന്ന് ഗുജറാത്ത് സർക്കാർ പ്രതികരിച്ചു.

2002 ലെ ഗുജറാത്ത്‌ കലാപത്തിനിടെ 5 മാസം ഗർഭിണിയായ 19 കാരിയെ കൂട്ടബലാത്സംഗം ചെയ്യുകയും കുഞ്ഞിനെയടക്കം കുടുംബത്തിലെ എഴു പേരെ കോലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെയാണ് വിട്ടയച്ചത്.

മുംബൈ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്ന 11 കുറ്റവാളികളും ഗോദ്രാ ജയിലിൽ നിന്നും പുറത്തിറങ്ങി. 2008 ജനുവരിയിലാണ് ബിജെപി നേതാവ് ഷൈലേഷ് ഭട്ടടക്കമുള്ള പ്രതികൾക്ക് മുംബൈ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവിന് വിധിച്ചത്.

15 വർഷത്തിലേറെ ജയിൽവാസം അനുഭവിച്ചതായി കാണിച്ച്പ്രതികളിൽ ഒരാൾ മോചനത്തിനായി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ശിക്ഷാ ഇളവ് പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിം കോടതി നിർദ്ദേശിക്കുകയായിരുന്നു.