സംസ്ഥാനത്തെ പൊട്ടിപ്പൊളിഞ്ഞ റോഡുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേടുകള്‍ നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മിന്നല്‍ പരിശോധന നടക്കുന്നത്. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കുള്ളില്‍ റോഡ് പൊട്ടിപ്പൊളിയുന്നത് പരിശോധിക്കും. ഓപ്പറേഷന്‍ സരള്‍ റാസ്ത എന്ന പേരിലാണ് പരിശോധന നടത്തുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ ആറ് മാസത്തിനിടെ നിര്‍മാണം പൂര്‍ത്തിയാക്കിയതും അറ്റകുറ്റപ്പണികള്‍ നടത്തിയതുമായ റോഡുകള്‍ മാസങ്ങള്‍ക്കുള്ളില്‍ പൊട്ടിപ്പൊളിഞ്ഞതിനെതിരെ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യം വിജിലന്‍സ് മുന്‍പും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. റോഡിലെ കുഴികള്‍ സംബന്ധിച്ച് ലഭിച്ച പുതിയ പരാതികളുടെ പശ്ചാത്തലത്തിലാണ് മിന്നല്‍ പരിശോധന. എഞ്ചിനീയര്‍മാര്‍ അടക്കമുള്ള ചില ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ചേര്‍ന്ന് ക്രമക്കേട് നടത്തുന്നു എന്ന് ഉള്‍പ്പെടെയുള്ള പരാതികളാണ് വിജിലന്‍സിന് മുന്നിലുള്ളത്.
പിഡബ്ല്യുഡി റോഡുകളിലാണ് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്. മിന്നല്‍ പരിശോധനയ്ക്കായി വിജിലന്‍സ് മേധാവി മനോജ് എബ്രഹാമാണ് നിര്‍ദേശം നല്‍കിയത്. വിജിലന്‍സ് ആസ്ഥാനത്തെ ഉദ്യോഗസ്ഥനായ എസ് ബിജുമോന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തുന്നത്.