Kerala

‘മകനെ കൊന്നത് ഒപ്പം നടന്നവര്‍’; സിപിഐഎമ്മുകാര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബിജെപിക്കാരായെന്ന് ഷാജഹാന്റെ പിതാവ്

പാലക്കാട് കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന് മുന്‍പും ഭീഷണിയുണ്ടായിരുന്നെന്ന് ബന്ധുക്കള്‍. ഒപ്പം നടന്നവരാണ് ഷാജഹാനെ കൊലപ്പെടുത്തിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു. മുന്‍പ് സിപിഐഎമ്മിന്റെ സജീവ പ്രവര്‍ത്തകരായിരുന്ന കൊലയാളികള്‍ കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പാണ് ആര്‍എസ്എസുകാരായി മാറിയതെന്ന് ഷാജഹാന്റെ പിതാവ് പറഞ്ഞു.

ബ്രാഞ്ച് സെക്രട്ടറിയാകാന്‍ താത്പ്പര്യമുണ്ടായിരുന്ന പ്രതികള്‍ക്ക് ആ സ്ഥാനം കിട്ടാതെ വന്നപ്പോളുണ്ടായ അമര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പിതാവ് പറയുന്നത്. ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ഷാജഹാനാണ് വിജയിച്ചത്. ഇത് ഒപ്പം പ്രവര്‍ത്തിച്ച ചിലരില്‍ പോലും ദേഷ്യമുണ്ടാക്കി. പാടത്ത് ചാളകെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കവും പ്രകോപനമായി എന്നും ഷാജഹാന്റെ പിതാവ് പറഞ്ഞു.

അതേസമയം ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ട് പേര്‍ പൊലീസ് കസ്റ്റഡിയിലായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ഒരാളും സഹായിച്ച മറ്റൊരാളുമാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്. പിടിയിലായവരെ പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. കേസില്‍ ആകെ എട്ട് പ്രതികളാണ് ഉള്ളത്. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

പാലക്കാട്ടെ സിപിഐഎം പ്രവര്‍ത്തകന്‍ ഷാജഹാന്‍ വധക്കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. പാലക്കാട് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ 19 അംഗ സംഘത്തെയാണ് നിയോഗിച്ചത്. ജില്ലാ പൊലീസ് മേധാവി ആര്‍ വിശ്വനാഥ് ആണ് പുതിയ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചത്.

പാലക്കാട് മരുതറോഡ് സിപിഐഎം ലോക്കല്‍കമ്മിറ്റി അംഗമാണ് കൊല്ലപ്പെട്ട ഷാജഹാന്‍. ഷാജഹാന്റെത് രാഷ്ട്രീയ കൊലപാതകമെന്നാണ് പൊലീസ് എഫ്‌ഐആര്‍. എട്ട് ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയത്. അക്രമികള്‍ കഴുത്തിലും കാലിലും മാരകമായി പരുക്കേല്‍പ്പിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം അമിതമായി രക്തം വാര്‍ന്നതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.