പൊതുവെ ശാന്തനായ ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് രോഹിത് ശര്‍മ്മ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിനിടെ രോഹിത് ശര്‍മ്മയും പരിധി വിട്ടു. 233 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം പിന്തുടരുന്നതിനിടെ 12 റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ പുറത്തായതോടെ ഹിറ്റ്മാന്‍ വിക്കറ്റ് തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഐ.പി.എല്‍ പെരുമാറ്റ ചട്ടം ലംഘിച്ചതിന് ഈ സംഭവത്തിന്റെ പേരില്‍ രോഹിത് ശര്‍മ്മക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്.
മത്സരത്തിലെ നാലാമത്തെ ഓവറില്‍ രോഹിത് 8 പന്തില്‍ 12 റണ്‍സുമായി രോഹിത് നില്‍ക്കുമ്പോഴായിരുന്നു സംഭവം. ഹാരി ഗുര്‍ണിയുടെ ബോള്‍ രോഹിതിന്റെ കാലില്‍ കൊള്ളുകയും അംപയര്‍ ഉടന്‍ തന്നെ എല്‍.ബി.ഡബ്ല്യു അനുവദിക്കുകയും ചെയ്തു. രോഹിത് ശര്‍മ്മ ഡി.ആര്‍.എസിന് ശ്രമിച്ചെങ്കിലും റിവ്യൂവും പുറത്താവല്‍ ശരിവെച്ചു. ഇതോടെ ദേഷ്യം മൂത്ത രോഹിത് ഫീല്‍ഡ് അമ്പയറോട് കയര്‍ക്കുകയും നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റ് ബാറ്റ് കൊണ്ട് കുത്തി തെറിപ്പിക്കുകയും ചെയ്തു.
ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആന്ദ്രേ റസലിന്റെയും(40 പന്തില്‍ 80) ശുഭ്മാന്‍ ഗില്ലിന്റേയും(45 പന്തില്‍ 76) ബാറ്റിംങ് മികവില്‍ 232 റണ്‍സാണ് അടിച്ചുകൂട്ടിയത്. മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിനെ ഹാര്‍ദിക് പാണ്ഡ്യയുടെ(34 പന്തില്‍ 91) ഒറ്റയാള്‍ പോരാട്ടത്തിനും രക്ഷിക്കാനായില്ല. കൊല്‍ക്കത്ത ഉയര്‍ത്തിയ 233 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈ 198 റണ്‍സിന് പുറത്താവുകയായിരുന്നു.