നാലാംഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ഹിന്ദി ഹൃദയഭൂമിയിലെ 195 സീറ്റുകൾ ബി.ജെ.പി സഖ്യത്തിന്റെ സാധ്യതകൾ തീരുമാനിക്കും. 2014 ൽ 195 ൽ 177 സീറ്റും നേടിയ ബി.ജെ.പി. ആ പ്രകടനം ആവർത്തിക്കാനാവില്ലെന്ന തിരിച്ചറിവിൽ പുതിയ മേച്ചിൽപ്പുറങ്ങൾ തേടുകയാണ്. ഒഡീഷയിലെ 21 ഉം പശ്ചിമബംഗാളിലെ 42 ഉം ചേർത്ത് 63 സീറ്റുകളിൽ പരമാവധി നേട്ടമുണ്ടാക്കാനാണ് മോദി ഷാ അച്ചുതണ്ട് ശ്രമിക്കുന്നത്. ഇതിൽ 25 സീറ്റുകളിലെ വോട്ടെടുപ്പ് കഴിഞ്ഞു.
ഇവയിൽ എൻ.ഡി.എയ്ക്ക് കഴിഞ്ഞ പ്രാവശ്യം ആകെ നേടാനായാത് രണ്ട് സീറ്റുകൾ മാത്രമാണ്. ആദ്യ മൂന്നു ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന ഒഡീഷയിലെ 15 മണ്ഡലങ്ങൾക്കായി മാത്രം നരേന്ദ്രമോദി 6 റാലികൾ നടത്തി. പശ്ചിമബംഗാളിലെ 10 സീറ്റുകൾക്കു വേണ്ടി നാലും. വോട്ടെടുപ്പ് പൂർത്തിയായ കർണ്ണാടകയിലും ഗുജറാത്തിലും നടത്തിയത് 7 വീതം സമ്മേളനങ്ങൾ. നിയമസഭാതെരഞ്ഞെടുപ്പിൽ കൈവിട്ട ഛത്തീസ്ഗഡില്‍ പ്രധാനമന്ത്രി പങ്കെടുത്തത് മൂന്ന് യോഗങ്ങളിൽ മാത്രം.
ഉത്തർപ്രദേശിൽ 26 സീറ്റുകളിലെ വോട്ടെടുപ്പ് പൂർത്തിയായി. ഇതിൽ 23 ഉം ബി.ജെ.പിയുടെ കൈവശമാണ്. ഇവിടെ പ്രധാനമന്ത്രിയുടെ ഏഴ് വൻ പൊതുയോഗങ്ങളാണ് സംഘടിപ്പിച്ചത്. ഇനി വോട്ടെടുപ്പ് നടക്കാനിരിക്കുന്ന ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലാണ് ബി.ജെ.പി. യ്ക്ക് അഗ്നിപരീക്ഷ. ബീഹാറിൽ നില മെച്ചപ്പെടുത്തുക, മധ്യപ്രദേശും രാജസ്ഥാനും ചേർത്ത് 45 സീറ്റെങ്കിലും പിടിക്കുക, യു.പി,യിൽ വൻതോതിൽ സീറ്റ് ചോർച്ചയുണ്ടാവുന്നത് തടയുക എന്നിവ ഒത്തുവന്നാല്‍ ഭരണത്തുടർച്ച ഉറപ്പാക്കാമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.
പ്രതിപക്ഷ നേതാക്കളെ കടന്നാക്രമിച്ചും ഹിന്ദുത്വവികാരം ഉണർത്തിവിട്ടും ഓരോ സംസ്ഥാനത്തും ചെലവാകുന്ന മുവുവന്‍ കാർഡുകളും ബിജെപി ഇറക്കിക്കളിച്ചു. ഇനി കാണാനിരിക്കുന്നത് കൂടുതൽ തീവ്രമായ പോർമുഖങ്ങൾ തുറക്കലാവും.