പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ന്യൂഡൽഹിയിലെ വസതിയിൽ കുട്ടികൾക്കൊപ്പം രക്ഷാബന്ധൻ ആഘോഷിച്ചു. ആഘോഷത്തിന്റെ ദൃശ്യങ്ങൾ പ്രധാനമന്ത്രി തന്നെ ട്വിറ്ററിൽ പങ്കുവെച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിതാസമാഹാരത്തിന്റെ ഇംഗ്ലീഷ് വിവർത്തനം ‘Letters to Self’ ഈ മാസം പുറത്തിറങ്ങും. ചരിത്രകാരിയും കൾച്ചറൽ ജേണലിസ്റ്റുമായ ഭാവ്‌ന സോമയ്യ ആണ് പ്രധാനമന്ത്രിയുടെ കവിത സമാഹാരം ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. ആഴമായ ചിന്തകളും വൃത്തവുമാണ് കവിതയിൽ ഉടനീളം കാണാൻ സാധിക്കുന്നത്. മോദി പങ്കിടാൻ വിമുഖത കാണിച്ച തികച്ചും സർഗാത്മകമായ മറ്റൊരു ലോകമാണ് കവിതകളിൽ ഉടനീളം പ്രതിഫലിക്കുന്നത്.
ആഴമാർന്ന ചിന്തകളും അഭ്യൂഹങ്ങളും ആശയങ്ങളും സ്വപ്‌നങ്ങളും ലെറ്റർ ടു സെൽഫിൽ ഉടനീളം പ്രതിഫലിക്കുന്നത്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളും സമ്മർദ്ദങ്ങളും പ്രതീക്ഷകളും ഇവിടെ പങ്കുവെക്കപ്പെടുന്നുണ്ട്. മാത്രവുമല്ല പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവുമെല്ലാം കവിതയിൽ ചർച്ചയാകുന്നുണ്ട് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കവിതകളെ കുറിച്ച് പ്രസാധകരുടെ വിലയിരുത്തൽ. ഫിംഗർപ്രിന്റ് ആണ് കവിതയുടെ പ്രസാധകർ.
‘പുരോഗമനാപരമായ ആശയങ്ങളും നിരാശയും പ്രതീക്ഷയും ധീരതയും അനുകമ്പയുമെല്ലാം കവിതയുടെ വിഷയങ്ങളാണ്. ലൗകികവും നിഗൂഢവുമായ ചിന്തകൾ അദ്ദേഹം തന്റെ കവിതകളിലൂടെ പ്രതിഫലിപ്പിക്കുന്നുണ്ട്. നിരന്തരവും വൈകാരികവുമായ ഊർജവും ചങ്കൂറ്റവും ശുഭാപ്തി വിശ്വാസവുമാണ് മോദിയുടെ രചനകളെ വേറിട്ടുനിർത്തുന്നത്’ എന്നാണ് വിവർത്തക ഭാവ്‌ന സോമയ്യ അഭിപ്രായപ്പെട്ടത്.
ഇതിനുമുമ്പ് ‘Letters To Mother’ എന്ന പുസ്തകം മോദി രചിച്ചിരുന്നു. 2020-ൽ ആണ് ഇത് എഴുതിയത്. അദ്ദേഹം തന്നെ സ്വയമൊരു യുവാവായി സങ്കല്പിച്ചുകൊണ്ട് ദേവമാതാവിന് എഴുതിയവയായിരുന്നു ആ കവിതകൾ. ഭാവ്‌ന സോമയ്യ ആയിരുന്നു അതും വിവർത്തനം ചെയ്തത്. ഗുജറാത്തിയിൽ നിരവധി പുസ്തകങ്ങൾ രചിച്ച നരേന്ദ്ര മോദിയുടെ Exam Warrior എന്ന പുസ്തകം വളരെയധികം വിറ്റുപോയിരുന്നു. മത്സരപ്പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികളുടെ സമ്മർദ്ദം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പുസ്തകം അദ്ദേഹം എഴുതിയത്.