National

India at 75: ദേശീയ പതാക ഉയർത്തുമ്പോൾ ഇക്കാര്യങ്ങൾ ചെയ്യരുത്

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എല്ലാ വീട്ടിലും ദേശീയ പതാക ഉയരട്ടെയെന്നാണ് പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ‘ഹർ ഖർ തിരംഗ’ എന്ന ഈ പദ്ധതി പ്രകാരം ഓഗസ്റ്റ് 13 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ എല്ലാ വീടുകളിലും ദേശീയ പതാക ഉയരും. എന്നാൽ ദേശീയ പതാക വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. ദേശീയ പതാകയെ അപമാനിക്കുന്നത് ശിക്ഷാർഹമാണെന്ന് ഓർക്കണം. ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് ?

ദേശീയ പതാക നിർമിക്കുന്ന തുണി

ദേശീയ പതാക നിർമിക്കാൻ ഖാദി, പരുത്തി എന്നിവ മാത്രമേ ഉപയോഗിച്ചിരുന്നുള്ളു. എന്നാൽ 2021 ഡിസംബർ 30 ൽ ഫ്‌ളാഗ് കോഡ് ഓഫ് ഇന്ത്യ 2002 ൽ നടത്തിയ ഭേദഗതി പ്രകാരം വൂൾ, സിൽക്ക്, പോളിസ്റ്റർ എന്നിവയിൽ കൈകൊണ്ടോ മെഷീനിലോ ദേശീയ പതാക നിർമിക്കാം.

ദേശീയ പതാക നാട്ടുന്നതെങ്ങനെ ?

2022 ജൂലൈ 20 ൽ കേന്ദ്ര സർക്കാർ നടത്തിയ ഭേദഗതി പ്രകാരം രാത്രിയും പകലുമെല്ലാം ദേശീയ പതാക നാട്ടാം. മുൻ സൂര്യോദയത്തിനും സൂര്യാസ്തമയത്തിനുമിടയിൽ മാത്രമേ കൊടി നാട്ടാൻ അനുവാദമുണ്ടായിരുന്നുള്ളു.

ആദ്യം സാഫ്രൺ നിറം, ഏറ്റവും താഴെ പച്ച എന്ന നിലയിലാണ് പതാക വേണ്ടത്. കേട് സംഭവിച്ചതും പഴകിയതുമായ പതാക നാട്ടാൻ പാടില്ല. അലങ്കാരവസ്തുവായും റിബൺ രൂപത്തിൽ വളച്ച് കുത്താനും പാടില്ല.

പതാക ഉയർത്തുമ്പോൾ വേഗത്തിലും, താഴ്ത്തുമ്പോൾ സാവധാനത്തിലും വേണം.

അളവ്

ദേശീയ പതാകയുടെ ആകൃതി റെക്ടാംഗിൾ ആണ്. 3:2 എന്ന അനുപാതത്തിലാണ് പതാക നിർമിക്കുക

കേടുപാടുകൾ സംഭവിച്ച പതാക എന്ത് ചെയ്യണം ?

കേടുപാടുകൾ സംഭവിച്ച പതാകകൾ കത്തിച്ച് കളയുകയോ, ബഹുമാനത്തോടെ മറ്റേതെങ്കിലും മാർഗത്തിൽ നശിപ്പിക്കുകയോ ആണ് ചെയ്യേണ്ടത്. ഒരിക്കലും വഴിയിലുപേക്ഷിക്കാനോ, ചവിറ്റുകൊട്ടയിൽ കളയാനോ പാടില്ല.

ദേശീയ പതാകയെ അപമാനിച്ചാൽ ശിക്ഷ

ദേശീയ പതാകയെ അപമാനിക്കുന്നത് നാഷ്ണൽ ഓണർ ആക്ട് 1971 പ്രകാരം ശിക്ഷാർഹമാണ്. ഇത്തരം പ്രവർത്തികൾ ചെയ്യുന്ന വ്യക്തിക്ക് മൂന്ന് വർഷം വരെ തടവോ, പിഴയോ, രണ്ടുമോ ലഭിക്കും.