ഇന്ത്യയിൽ പുതിയ തൊഴിൽ നിയമഭേദഗതി വരുന്നു. ഇതോടെ തൊഴിലാളികൾക്ക് കൈയിൽ കിട്ടുന്ന ശമ്പളം, ജോലി സമയം എന്നിവയിൽ മാറ്റം വരും.
2019 ൽ പാർലമെന്റിൽ പാസായ ലേബർ കോഡ് 29 കേന്ദ്ര ലേബർ നിയമങ്ങൾക്ക് പകരമായാണ് അവതരിപ്പിച്ചത്. ജൂലൈ 1 മുതൽ പുതിയ ലേബർ കോഡ് നടപ്പിലാക്കുമെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരമെങ്കിലും പല സംസ്ഥാനങ്ങളും പുതിയ കോഡ് അംഗീകരിക്കാത്തതാണ് ഇത് പ്രാബല്യത്തിൽ വരാൻ വൈകുന്നതിന് കാരണം. സാമൂഹിക സുരക്ഷ, ലേബർ റിലേഷൻസ്, തൊഴിൽ സുരക്ഷ, ആരോഗ്യവും തൊഴിൽ സാഹചര്യവും എന്നിങ്ങനെ നാല് കോഡുകളാണ് പുതിയ ലേബർ കോഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പുതിയ തൊഴിൽ നിയമം വരുന്നതോടെ തൊഴിൽ ദാതാവിന് തൊഴിൽ സമയം നിശ്ചയിക്കാം. എട്ട് മണിക്കൂർ ജോലിയെന്ന മാനദണ്ഡം ബാധകമാകില്ല. 9-12 മണിക്കൂർ വരെ ജോലി സമയം നീട്ടാം. പക്ഷേ എത്ര മണിക്കൂർ കൂട്ടുന്നുവോ അതിനനുസരിച്ച് അവധിയുടെ എണ്ണവും കൂട്ടേണ്ടി വരും. അതായത് രണ്ട് ദിവസം അവധി എന്നതിന് പകരം മൂന്ന് ദിവസം അവധി നൽകേണ്ടി വരും.
തൊഴിലാളിയുടെ ശമ്പളത്തിലും വ്യത്യാസം വരും. പുതിയ തൊഴിൽ നിയമം വരുന്നതോടെ ഗ്രോസ് സാലറിയുടെ 50 ശതമാനം ബേസിക്ക് സാലറിയായിരിക്കും. ഇതോടെ പിഎഫിലേക്കുള്ള സംഭാവന വർധിക്കും. കൈയിൽ ലഭിക്കുന്ന ശമ്പളം കുറയുമെന്ന് ചുരുക്കം.
ജീവനക്കാരൻ അവസാനമായി ജോലി ചെയ്ത ദിവസത്തിന് രണ്ട് ദിവസത്തിനകം മുഴുവൻ ശമ്പളവും നൽകണമെന്ന് പുതുക്കിയ നിയമത്തിൽ പറയുന്നു. നിലവിൽ 45-60 ദിവസം വരെയാണ് മുഴുവൻ പണവും നൽകാൻ സ്ഥാപനങ്ങൾ എടുക്കുന്ന സമയം. തൊഴിലാളിയെ സ്ഥാപനത്തിൽ നിന്ന് പിരിച്ചുവിടേണ്ടി വന്നാൽ രണ്ട് പ്രവർത്തി ദിവസത്തിനുള്ളിൽ കൊടുക്കാനുള്ള മുഴുവൻ തുകയും നൽകേണ്ടി വരും.