Sports

Commonwealth Games 2022 മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം

കോമൺവെൽത്ത് ഗെയിംസ് മിക്സഡ് ടേബിൾ ടെന്നീസിൽ ഇന്ത്യക്ക് സ്വർണം. ഇന്ത്യയുടെ അചന്ത ശരത് കമാൽ- ശ്രീജ അകുല സഖ്യമാണ് മലേഷ്യയുടെ ചൂംഗ്- ലിൻ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി സുവർണനേട്ടം സ്വന്തമാക്കിയത്. 2022 ഗെയിംസിൽ ഇന്ത്യയുടെ 18ആം സ്വർണനേട്ടമാണിത്. സ്കോർ: 11-4, 9-11, 11-5, 11-6.

ബാഡ്മിന്റൺ വനിതാ ഡബിൾസിൽ ഇന്ത്യയ്ക്ക് വെങ്കലം ലഭിച്ചു. ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യമാണ് മെഡൽ നേടിയത്. മത്സരത്തിൽ ഓസ്‌ട്രേലിയൻ സഖ്യം വെന്റി ചാൻ, സോമർവിൽ എന്നിവരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഇന്ത്യൻ ടീം തോൽപ്പിച്ചത്.

കോമൺവെൽത്ത് ​ഗെയിംസ് വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വെള്ളി മെഡൽ ലഭിച്ചു. ഫൈനലിൽ ഓസ്ട്രേലിയ 9 റൺസിന് ഇന്ത്യയെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ എട്ട് വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് നേടിയപ്പോൾ ഇന്ത്യയുടെ മറുപടി ബാറ്റിം​ഗ് 152 റൺസിൽ അവസാനിച്ചു.

കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ വെങ്കല മെഡൽ ന്യൂസീലൻഡിനാണ്. മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരത്തിൽ ഇംഗ്ലണ്ടിനെ ആധികാരികമായി തകർത്തെറിഞ്ഞാണ് ന്യൂസീലൻഡ് വെങ്കല മെഡൽ സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവച്ച 111 റൺസ് വിജയലക്ഷ്യം 2 വിക്കറ്റ് നഷ്ടപ്പെടുത്തി 12 ആം ഓവറിൽ തന്നെ ന്യൂസീലൻഡ് മറികടന്നു.

വനിതകളുടെ 50 കിലോഗ്രാം ബോക്‌സിംഗിൽ നിഖാത് സരീൻ സ്വർണം നേടി. വടക്കൻ അയർലൻഡ് താരത്തെയാണ് നിഖാത് സരീൻ പരാജയപ്പെടുത്തിയത്.

വനിതകളുടെ 48 കിലോഗ്രാം ബോക്‌സിംഗിൽ നീതു ഗൻഗാസ് സ്വർണം നേടിയിരുന്നു. ഇംഗ്ലണ്ടിന്റെ ഡെമി ജെയ്ഡിനെ കീഴടക്കി സുവർണ നേട്ടം കുറിച്ച നീതു സൂപ്പർ താരം മേരി കോമിനു പകരമാണ് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടത്.

അതേസമയം ട്രിപ്പിൾ ജമ്പിൽ സ്വർണവും വെള്ളിയും മലയാളി താരങ്ങൾ സ്വന്തമാക്കി. 17.03 മീറ്റർ ദൂരം താണ്ടിയ എറണാകുളം കോലഞ്ചേരി സ്വദേശി എൽദോസ് പോൾ സുവർണനേട്ടം നേടിയപ്പോൾ ഒരു മില്ലിമീറ്റർ വ്യത്യാസത്തിൽ കോഴിക്കോട് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ വെള്ളി മെഡൽ സ്വന്തമാക്കി.