Kerala

സിപിഐഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

അഞ്ച് ദിവസം നീണ്ട് നിൽക്കുന്ന സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. സർക്കാറിന്റെ പ്രവർത്തനങ്ങളും ലോക്സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുമാണ് പ്രധാനമായും ചർച്ചയാകുക. പി ജയരാജന്റെ കർക്കടക വാവ് ബലി പരാമർശവും, കിഫ്ബിയ്ക്ക് എതിരെയുള്ള ഇഡി അന്വേഷണത്തിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാടും യോഗം ചർച്ച ചെയ്യും. ഇന്നും നാളെയും സെക്രട്ടറിയേറ്റും തുടർന്ന് മൂന്ന് ദിവസം സംസ്ഥാന സമിതിയുമാണ് ചേരുക.

ഇഡിയ്ക്ക് മുന്നിൽ തോമസ് ഐസക്ക് ഹാജരാകണമോ എന്ന ചോദ്യമാണ് സിപിഐഎമ്മിനെ കുഴയ്ക്കുന്നത്. അന്വേഷ ഏജൻസിയ്ക്ക് മുന്നിൽ ഹാജരാകേണ്ടതില്ലെന്നും ചോദ്യങ്ങൾക്ക് രേഖാമൂലം മറുപടി നൽകിയാൽ മതിയെന്നുമാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഐസക്കിനെ ചോദ്യം ചെയ്താൽ അടുത്ത ലക്ഷ്യം മുഖ്യമന്ത്രി ആയിരിക്കുമെന്ന ആശങ്കയും പാർട്ടിക്കുണ്ട്. രാഷ്ട്രീയമായി ഈ പ്രതിസന്ധിയെ മറികടക്കാനുള്ള വഴികൾ ആയിരിക്കും യോഗങ്ങൾ അന്വേഷിക്കുക.

സർക്കാരിന്റെ ഒരു വർഷത്തെ പ്രവർത്തനവും അടുത്ത നാലുവർഷം നടപ്പാക്കേണ്ട പദ്ധതികളുടെ മുൻഗണന ക്രമവുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിയുള്ള ഒരുക്കങ്ങളും ആസൂത്രണം ചെയ്യും. കർക്കടകം ഒന്നിന് ഫേസ്ബുക്കിലിട്ട പോസ്റ്റാണ് സംസ്ഥാന സമിതി അംഗം പി ജയരാജനെ കുരുക്കിയത്. തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന പാർട്ടി വിമർശനം അംഗീകരിച്ചെങ്കിലും, തെറ്റുപറ്റിയതായി പി ജയരാജൻ സമ്മതിച്ചിട്ടില്ല. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ സ്വീകരിക്കേണ്ട തുടർനടപടികളും യോഗങ്ങളിൽ ചർച്ചയാകും.