പതിനൊന്ന് ഓർഡിനൻസുകളുടെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ ഗവർണറുടെ നടപടിയിൽ ഉറ്റുനോക്കി സർക്കാർ. ലോകായുക്ത ഓർഡിനൻസിൽ ഉൾപ്പെടെ ഗവർണർ ഒപ്പിടുമോ ഇല്ലയോ എന്നതാണ് നിർണായകം. അനുനയനീക്കത്തിന്റെ ഭാഗമായി ചീഫ് സെക്രട്ടറി നേരിട്ട് കണ്ടിട്ടും ഗവർണർ നിലപാട് വ്യക്തമാക്കിയിട്ടില്ല.
കാലാവധി തീരാനിരിക്കെ 11 ഓർഡിനൻസുകളിൽ നിലപാട് സ്വീകരിക്കാതെ രാജ്ഭവൻ നീട്ടിവെക്കുന്നതാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കുന്നത്. ഓർഡിനൻസുകളിൽ ഒപ്പിടണം എന്ന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടുവെങ്കിലും ഗവർണർ വഴങ്ങിയിട്ടില്ല. പകരം സർവകലാശാല വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരാനുള്ള സർക്കാർ നീക്കത്തിലെ അതൃപ്തി അറിയിക്കുകയും ചെയ്തു.
ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകളുടെ കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്. ഡൽഹിയിൽ തുടരുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെളളിയാഴ്ചയേ ഇനി സംസ്ഥാനത്തേക്ക് മടങ്ങി വരൂ. ഫലത്തിൽ ഗവർണർ ഇന്ന് ഒപ്പിട്ടിട്ടില്ലെങ്കിൽ ഓർഡിനൻസ് ലാപ്സാകും. അങ്ങനെ സംഭവിച്ചാൽ വീണ്ടും ഓർഡിനൻസ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷേ, അപ്പോഴും ഗവർണ്ണർ ഒപ്പിടണം. ലോകായുക്ത നിയമഭേദഗതി ഓർഡിനൻസാണ് സർക്കാരിനെ സംബന്ധിച്ച് ഏറെ പ്രധാനം. ഓർഡിനൻസ് ലാപ്സായാൽ, പഴയ ലോകായുക്ത നിയമം പ്രാബല്യത്തിലാകും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരായ കേസ്, വാദം പൂർത്തിയാക്കി ഉത്തരവിറക്കാനായി മാറ്റി വെച്ചിരിക്കുകയാണ് ലോകായുക്ത. മുമ്പ് പലവട്ടം കണ്ടത് പോലെ, സർക്കാരിനെ ആശങ്കയിലാഴ്ത്തിയ ശേഷം ഗവർണർ വിട്ടുവീഴ്ചക്ക് തയ്യാറാകുമോ അതോ കടുത്ത നിലപാട് തുടരുമോയെന്നതാണ് കണ്ടറിയേണ്ടത്.